നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 6503 കടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ മൂന്നാമതും എൻ.ഡി.എ സ്ഥാനാർഥി മോഹൻ ജോർജ് നാലാമതുമാണ്. പത്താം റൗണ്ട് ലീഡ് നില (പോത്തുകല്‍ 113-126 ബൂത്ത്): ആര്യാടൻ ഷൗക്കത്ത് – 39,669, എം. സ്വരാജ് – 33,166, പി.വി. അൻവർ – 11,466, അഡ്വ. മോഹൻ ജോർജ് – 4534.
ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. എല്ലാ റൗണ്ടുകളിലും വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ ഇലക്ഷൻ കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. 2,32,057 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1,76,069 വോട്ടുകളാണ് രേഖപ്പെടുത്തിയത്.