ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ നിര്‍ത്താന്‍ അമേരിക്കയോട് മാത്രമല്ല സൗദിയോടും ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ വെളിപ്പെടുത്തല്‍.
റാവല്‍പിണ്ടിയിലെയും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയോട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ ആവശ്യം മുന്നോട്ടുവെച്ചതെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയപ്പെടുന്ന ഷോര്‍കോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച അദ്ദേഹം ഈ ഘട്ടത്തിലാണ് പാകിസ്ഥാന്‍ ഇടപെടലിനായി യുഎസിനെ സമീപിച്ചതും സൗദി അറേബ്യയുടെ സഹായം സ്വീകരിച്ചതുമെന്നും പറഞ്ഞു.
‘പുലര്‍ച്ചെ 2.30 ന് ഇന്ത്യ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. അവര്‍ നൂര്‍ ഖാന്‍ വ്യോമതാവളവും ഷോര്‍കോട്ട് വ്യോമതാവളവും ആക്രമിച്ചു… 45 മിനിറ്റിനുള്ളില്‍, സൗദി രാജകുമാരന്‍ ഫൈസല്‍ എന്നെ വിളിച്ചു. (യുഎസ് സ്റ്റേറ്റ് സെക്രട്ടറി) മാര്‍ക്കോ റൂബിയോയുമായുള്ള എന്റെ സംഭാഷണത്തെക്കുറിച്ച് താന്‍ അറിഞ്ഞതായി അദ്ദേഹം എന്നോട് പറഞ്ഞു. (ഇന്ത്യയുടെ വിദേശകാര്യ മന്ത്രി) എസ് ജയ്ശങ്കറുമായി സംസാരിക്കാനും അവര്‍ (ഇന്ത്യ) നിര്‍ത്തിയാല്‍ ഞങ്ങള്‍ തയ്യാറാണെന്ന് അറിയിക്കാനും അദ്ദേഹത്തിന് അധികാരമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അതെ, സഹോദരാ, നിങ്ങള്‍ക്ക് കഴിയും എന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്നെ തിരികെ വിളിച്ചു, ജയ്ശങ്കറിനോട് ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് പറഞ്ഞു,’ ദാറിന്റെ വാക്കുകള്‍.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.