ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നുള്ള ടാന്യ ത്യാഗിയാണു മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച മരണ വിവരം പുറത്തുവിട്ടു. മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്. മരണകാരണം എന്താണെന്ന് കനേഡിയന്‍ അധികൃതരും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, ഹൃദയാഘാതത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ പ്രചാരണം നടക്കുന്നുണ്ട്.വിദേശത്ത് പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടാന്യയുടെ മരണവും ആശങ്കയിലാണ്. ഈ വര്‍ഷം മാര്‍ച്ചില്‍, ഇന്ത്യന്‍ പൗരയും സ്ഥിരം യുഎസ് താമസക്കാരിയുമായ സുദീക്ഷ കൊണങ്കി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായി. ഇപ്പോഴും ഇവരെക്കുറിച്ച് വിവരമില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, എഫ്ബിഐ, ഡൊമിനിക്കന്‍ നാഷണല്‍ പൊലീസ് എന്നിവരുള്‍പ്പെടെ സുദീക്ഷയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.