ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോദി പറഞ്ഞു.
പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഉച്ചവിരുന്നൊരുക്കിയിരുന്നു ട്രംപ്. പാകിസ്താന്‍-ഇന്ത്യ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിക്കുന്ന ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്.
രണ്ട് ദിവസം മുമ്പ് ഞാന്‍ ജി7 ഉച്ചകോടിക്കായി കാനഡയിലെത്തിയിരുന്നു. ആ സമയത്ത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നെ വിളിച്ച് വളരെ നിര്‍ബന്ധത്തോടെ ക്ഷണിച്ചു. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനോട് പറഞ്ഞു, ക്ഷണിച്ചതിന് നന്ദി, പക്ഷെ എനിക്ക് മഹാപ്രഭുവിന്റെ ഭൂമിയിലേക്ക് പോകേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ ക്ഷണം വിനയപൂര്‍വ്വം നിരസിച്ചു. നിങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് എന്നെ ഇങ്ങോട്ടേക്കാകര്‍ഷിച്ചത്’ മോദി പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തിനിടെയും ഇന്ത്യക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ പാക് സേനാമേധാവി അസിം മുനീര്‍ ആവര്‍ത്തിച്ചിരുന്നു. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിതസംവിധാനങ്ങള്‍ മുഴുവന്‍ പാകിസ്താന്‍ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാക് പട്ടാളക്കാര്‍ ഇന്ത്യക്കെതിരേ യുദ്ധംചെയ്യാന്‍ അക്ഷമരായി കാത്തിരിക്കുന്നുണ്ടെന്നും പാകിസ്താന്‍ അമേരിക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ പറഞ്ഞു.
പാകിസ്താന്റെ ചില സൈനികതാവളങ്ങളും തുറമുഖങ്ങളും യുഎസിന് വിട്ടുനല്‍കാന്‍ പാക് സേനാമേധാവി ജനറല്‍ അസിം മുനീറിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. പകരം പാകിസ്താന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ യുഎസ് നല്‍കുമെന്നാണ് വാഗ്ദാനം. ചൈനയുമായും റഷ്യയുമായുമുള്ള പ്രതിരോധസഹകരണത്തില്‍ നിയന്ത്രണം വെച്ചാലേ ഈ വാഗ്ദാനം പാലിക്കുകയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്ന ഭീതിനിലനില്‍ക്കേ, വന്‍വഴിത്തിരിവുണ്ടാക്കുന്നതാണ് നീക്കം. അസിം മുനീറുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ബഹുമതിയാണെന്നും പാകിസ്താന് ഇറാനെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരേ യുഎസ് യുദ്ധത്തിനിറങ്ങിയാല്‍ പാകിസ്താന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുഎസ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.