Sunday, July 20, 2025
HomeNewsസഖ്യകക്ഷികളില്ലാതെ ഒറ്റപ്പെട്ട് ഇറാന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റപ്പെടുന്നു

സഖ്യകക്ഷികളില്ലാതെ ഒറ്റപ്പെട്ട് ഇറാന്‍: പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റപ്പെടുന്നു

ടെല്‍ അവീവ്: ഇസ്രയേല്‍ ഇറാന്‍ യുദ്ധം പുരോഗമിക്കവെ ഇസ്രയേലിന്റെ യുദ്ധതന്ത്രവും ശ്രദ്ധേയമാകുന്നു. ഇറാന്‍ പതിറ്റാണ്ടുകള്‍ കൊണ്ട് പശ്ചിമേഷ്യയില്‍ പടുത്തുയര്‍ത്തിയ സായുധ സഖ്യകക്ഷികളെയെല്ലാം ഇസ്രയേല്‍ യു.എസിന്റെ സഹായത്തോടെ തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ ഇസ്രയേല്‍ നേരിട്ട് ഇറാനെതിരെ ആയുധം പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ സഖ്യകക്ഷികളില്ലാതെ മേഖലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാന്‍.

ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയ മിലിഷ്യകള്‍ എന്നിവരെയാണ് സുന്നി മേധാവിത്വമുള്ള പശ്ചിമേഷ്യയിലെമ്പാടുമായി ഇറാന്‍ പടുത്തുയര്‍ത്തിയ ശക്തികള്‍. പശ്ചിമേഷ്യയില്‍ ഇറാന് ശക്തമായി ഇടപെടാന്‍ കഴിയുന്ന തരത്തില്‍ സിറിയയില്‍ അസദ് ഭരണകൂടവുമുണ്ടായിരുന്നു. എന്നാലിന്ന് പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റയ്ക്കാണ്.

ഗാസയിലും പലസ്തീന്‍ മേഖലകളിലും സ്വാധീനമുണ്ടായിരുന്ന ഹമാസിനെ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേല്‍ രണ്ടുവര്‍ഷം കൊണ്ട് ഏതാണ്ട് നിശ്ചലമാക്കി. അതിന്റെ തലവന്മാരെയും നേതാക്കളെയും സാമ്പത്തിക ശേഷിയേയും നിര്‍മാര്‍ജനം ചെയ്തു. ഇതേ സമയത്ത് തന്നെ ഇസ്രയേലിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഹിസ്ബുള്ളയെയും ഇസ്രയേല്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വധിച്ച് തളര്‍ത്തി.

യു.എസിന്റെ സഹായത്തോടെ യെമനിലെ ഹൂതി വിമതരെ വ്യോമാക്രമണങ്ങളിലൂടെ സാമ്പത്തികമായി തളര്‍ത്തി. ഇറാഖിലെ ഷിയ സായുധ സംഘങ്ങളെ ആഭ്യന്തര കുഴപ്പങ്ങളുണ്ടാക്കി ചിതറിച്ചു. ഇക്കൂട്ടത്തില്‍ പിടിച്ചുനില്‍ക്കുന്നത് യെമനിലെ ഹൂതികള്‍ മാത്രമാണ്.

ഈ അവസരത്തിലാണ് ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ നേരിട്ട് ആക്രമണം തുടങ്ങിയത്. ഇറാനിലെ ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലികിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം.

പശ്ചിമേഷ്യയിലെ ഇറാന്റെ സഖ്യകക്ഷികള്‍

ഹിസ്ബുള്ള – ലെബനനിലെ സായുധ ഷിയാ സംഘമാണ് ഹിസ്ബുള്ള. ഇറാന്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ഏറ്റവും ശക്തരായ സായുധ സംഘടനകളിലൊന്ന്. എന്നാല്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ആകാശത്ത് നിര്‍ബാധം കയറിയിറങ്ങി ആക്രമിക്കുമ്പോഴും ഹിസ്ബുള്ള ഒരു വെടിയുണ്ടപോലും ഉതിര്‍ത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2023ന് മുമ്പാണ് ഇസ്രയേല്‍ ഇങ്ങനെയൊരു സാഹസം കാട്ടിയിരുന്നതെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ഇന്ന് ഹിസ്ബുള്ളയുടെ നേതൃനിര പൂര്‍ണമായും തകര്‍ന്നു. സംഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ സാധിക്കുന്ന പുതിയ നിര വളര്‍ന്നുവരുന്നതേയുള്ളു. സംഘടനയുടെ ദീര്‍ഘകാല നേതൃത്വമായിരുന്ന ഹസ്സന്‍ നസറള്ളയെ ഇസ്രയേല്‍ വധിച്ചതോടെയാണ് അവരുടെ പതനം തുടങ്ങിയത്. നിലവിലെ മേധാവിയായ നസീം ഖസീം ഇറാന്‍ ഭരണകൂടത്തിന്റെ നിഴലായി മാറുന്നതിന് പകരം ലെബനനില്‍ സ്വന്തമായി ഒരു അടിത്തറയുണ്ടാക്കണമെന്ന പക്ഷക്കാരനാണ്. ഇറാനുമായുള്ള ബന്ധത്തിന്റെ യാതൊരു സൂചനകളും പുറമേക്ക് കാണാനുമില്ല. സിറിയയിലെ ബാഷര്‍ അസദ് ഭരണകൂടം 2024ല്‍ താഴെവീണതിന് പിന്നാലെ ഹിസ്ബുള്ളയുമായുള്ള നേരിട്ടുള്ള ബന്ധം ഇറാന് നഷ്ടപ്പെട്ടു. സിറിയ വീണതോടെ ഹിസ്ബുള്ള സാമ്പത്തികമായി തകരുകയും ചെയ്തു.

ഹമാസ് – ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പേരിലൊന്നാണ് ഹമാസ്. പലസ്തീനികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് ഹമാസെന്ന് ഇസ്രയേലിന്റെ അടുപ്പക്കാര്‍ പോലും കരുതിയിരുന്ന കാലമുണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞത് 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തോടെയാണ്. അതുവരെ നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളുമടക്കം ഉപയോഗിച്ച് ആക്രമിച്ചുകൊണ്ടിരുന്ന ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് നിരവധി ആളുകളെ കൊല്ലുകയും ബന്ധികളാക്കുകയും ചെയ്തതോടെ പല രാജ്യങ്ങളില്‍ നിന്നുള്ള മാനസിക പിന്തുണ ഹമാസിന് നഷ്ടപ്പെട്ടു.

ഈ അവസരം പ്രയോജനപ്പെടുത്തി ഇസ്രയേല്‍ അനിശ്ചിതകാല യുദ്ധമാണ് ഹമാസുമായി തുടരുന്നത്. ഹമാസിനോടുള്ള യുദ്ധത്തില്‍ ഗാസ നരകത്തേക്കാള്‍ മോശമായി. ജനങ്ങളും കുട്ടികളും നിരാലംബരായി. എന്നാല്‍ ബന്ധികളെ മുഴുവന്‍ വിട്ടയയ്ക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസിന്റെ നേതൃനിരയിലുള്ളവരെ മുഴുവന്‍ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഇസ്രയേലിന്റെ സൈനിക നീക്കത്തെ ഗാസയ്ക്കുള്ളില്‍ പ്രതിരോധിക്കുന്നതില്‍ മാത്രമാണ് ഹമാസിന്റെ ശ്രദ്ധമുഴുവന്‍.

ഹൂതികള്‍ – യെമനിലെ ഹൂതികളാണ് നിലവില്‍ അല്‍പം കരുത്തുകാണിക്കുന്ന ഇറാന്റെ സഖ്യകക്ഷി. അടുത്തിടെ ഇസ്രയേലിലേക്ക് അവര്‍ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന് അതിലും കവിഞ്ഞ് ആക്രമിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല ഹൂതികള്‍. ഇസ്രയേലും യു.എസും പലപ്പോഴായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടത്തിയ വ്യോമാക്രമണങ്ങള്‍ അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളെയും അടിസ്ഥാന സൌകര്യങ്ങളെയുമാണ് തകര്‍ത്തത്.

കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി നിരവധി വ്യോമാക്രമണങ്ങളാണ് ഹൂതികള്‍ക്ക് നേരിടേണ്ടി വന്നത് ഇതേതുടര്‍ന്ന് നിരവധി മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കപ്പെട്ടു. ഇറാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് സംഘടനകളേപ്പോലെ നേരിട്ടുള്ള നിയന്ത്രണം ഇറാന് ഇവരുടെ മേലില്ല എന്നാണ് വിലയിരുത്തല്‍.

ഇറാഖിലെ ഷിയ മിലിഷ്യ – ഇറാഖിലെ യു.എസ് ഇടപെടലിന് ശേഷമാണ് ഇറാന്‍ പ്രോക്‌സിവാര്‍ അവിടെ ശക്തമാക്കിയത്. ഇറാഖിലെ ഇറാന്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ നിലവിലെ ഭരണകൂടത്തിന് മേല്‍ ചെറുതല്ലാത്ത സ്വാധീനമുണ്ടെങ്കിലും ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഒതുങ്ങി ഇവരുടെ പ്രവര്‍ത്തനം. നിലവിലെ യുദ്ധത്തില്‍ ഇടപെടാതിരിക്കുകയാണ് നല്ലതെന്ന് ഇറാഖ് പ്രധാനമന്ത്രി സംഘടനയെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നെയുള്ളത് ചൈനയും ഉത്തരകൊറിയയുമാണ്. യുദ്ധത്തില്‍ ആയുധ സഹായം രഹസ്യമായി നല്‍കാന്‍ ചൈന തയ്യാറായേക്കും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ യു.എസിനെ മേഖലയില്‍ കൂടുതല്‍ ഇടപെടിക്കുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ ചൈന അതിന് തയ്യാറായേക്കില്ല. ഉത്തരകൊറിയ വിദൂര കക്ഷിയാണ്. നേരിട്ടുള്ള സഹായത്തിന് അവര്‍ പ്രാപ്തരുമല്ല. മുമ്പ് ഇറാന്‍ മിസൈല്‍ പദ്ധതികള്‍ക്ക് ഉത്തരകൊറിയ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

മേഖലയിലെ പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാരണം ഇറാനും ഇസ്രയേലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക രാജ്യങ്ങളാണ്. രാജ്യസുരക്ഷയുമായും ആഗോള താത്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ രണ്ടുരാജ്യങ്ങളെയും യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ നടത്തിയിട്ടുള്ളു. ഇറാനില്‍ ഇന്ത്യയ്ക്ക് സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഇറാനിലെ ഛബഹാര്‍ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇസ്രയേലാകട്ടെ ഇന്ത്യയുടെ പ്രതിരോധ പങ്കാളിയും. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ ഇക്കാര്യത്തില്‍ സ്വയം പോരാടേണ്ടി വരും.

ഇതേസമയം തൊട്ടയല്‍പ്പക്കത്തെ ആണവ ശക്തിയായ പാകിസ്താനെ യു.എസ് വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. പാകിസ്താനിലെ സേനാ താവളങ്ങളില്‍ യു.എസിന് നേരിട്ട് പ്രവേശനമുറപ്പാക്കാനുള്ള തന്ത്രങ്ങളാണ് യു.എസ് നടത്തുന്നത്. ഇറാനെ നാലുചുറ്റും വളയുകയാണ് ഇസ്രയേലും യു.എസും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments