Friday, July 18, 2025
HomeIndiaതകർന്ന വിമാനത്തിന് തകരാറുകളില്ലായിരുന്നു; വിശദ പഠനത്തിനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കുമെന്ന് സിഇഒ

തകർന്ന വിമാനത്തിന് തകരാറുകളില്ലായിരുന്നു; വിശദ പഠനത്തിനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കുമെന്ന് സിഇഒ

ദില്ലി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ചയാകുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിൽ ആണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എൻജിന്റെ അറ്റകുറ്റപ്പണികൾ ഇക്കഴിഞ്ഞ മാർച്ചിൽ നടത്ത്. ഏപ്രിലിൽ ഇടതു എൻജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.

അപകടത്തിൽ കാര്യമായി തകരാർ സംഭവിച്ചതിനാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കീഴിലുളള ലബോറട്ടറിയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍സംഭവിച്ചതിനാല്‍ ഇവിടെ അക്കാര്യം സാധ്യമാകില്ല.

എന്നാൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ എയർ ഇന്ത്യ വെട്ടിച്ചുരുക്കി. 15 ശതമാനം സർവീസുകളാണ് കുറച്ചത്. നിയന്ത്രണം ജൂലൈ പകുതി വരെ നീളമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. നിർബന്ധിത സുരക്ഷാ പരിശോധനകൾ, അന്താരാഷ്ട്ര സംഭവവികാസങ്ങളെ തുടർന്നുള്ള വ്യോമപാത അടയ്ക്കൽ, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ നടപടി.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ വിമാനങ്ങളിൽ സീറ്റ് നൽകാൻ നടപടി ഉണ്ടാകും, അതിനു സാധിച്ചില്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും മടക്കി നൽകും. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനും എയർ ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ കാരണങ്ങളാൽ 83 അന്താരാഷ്ട്ര വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments