ന്യൂ ദില്ലി : റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം 3,000 രൂപയുടെ വാര്‍ഷിക പാസ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ പരമാവധി 200 തവണ ടോള്‍ പ്ലാസകളിലൂടെ കടന്നു പോവാനുള്ള അവസരമാണ് പുതിയ പാസ് നല്‍കുക. ദേശീയപാതകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചിരിക്കുന്നത്. എങ്ങനെയായിരിക്കും പുതിയ വാര്‍ഷിക പാസിന്റെ പ്രവര്‍ത്തനമെന്നും യാത്രികരുടെ പണം ലാഭിക്കാന്‍ എങ്ങനെയാണ് സഹായിക്കുകയെന്നും വിശദീകരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.
എക്‌സിലെ പോസ്റ്റിലൂടെ നിതിന്‍ ഗഡ്ക്കരി പുതിയ സംവിധാനത്തെ വിവരിക്കുന്നത് മൂന്ന് പോയിന്റുകളായാണ് വിവരിക്കുന്നത്. 2025 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതലായിരിക്കും പുതിയ വാര്‍ഷിക പാസ് നിലവില്‍ വരിക. ബുദ്ധിമുട്ടില്ലാതെ ദേശീയപാതകളിലൂടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാണ് ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള 3000 രൂപയുടെ വാര്‍ഷിക പാസ് കൊണ്ടുവന്നിരിക്കുന്നത്. ഈ പാസ് എടുക്കുന്ന ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 200 യാത്രകള്‍ വരെയായിരിക്കും കാലാവധി.കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിങ്ങനെയുള്ള നോണ്‍ കൊമേഴ്‌സ്യല്‍ സ്വകാര്യ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പാസ് കൊണ്ടുവന്നിരിക്കുന്നതെന്നും ഗഡ്ക്കരി വിശദീകരിക്കുന്നു.
രണ്ടാമത്തെ പോയിന്റായി ഗഡ്ക്കരി വിശദീകരിക്കുന്നത് പുതിയ പദ്ധതി കൊണ്ടുള്ള സാമ്പത്തിക നേട്ടങ്ങളാണ്. രാജ്യത്തെ ദേശീയപാതകളിലൂടെ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ പുതിയ വാര്‍ഷിക പാസ് വഴി സാധിക്കും. രാജ്മാര്‍ഗ് യാത്ര ആപ്ലിക്കേഷനിലും എന്‍എച്ച്എഐ, MoRTH വെബ്‌സൈറ്റുകളിലും വൈകാതെ ഈ വാര്‍ഷിക പാസ് എടുക്കാന്‍ വേണ്ട ലിങ്ക് പ്രവര്‍ത്തനക്ഷമമാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റു പ്രധാന ഗുണങ്ങളെപ്പറ്റിയാണ് മൂന്നാമത്തെ പോയിന്റാക്കി കേന്ദ്രമന്ത്രി വിശദീകരിക്കുന്നത്. പുതിയ പാസ് എടുക്കുന്നവര്‍ക്ക് ടോള്‍ പ്ലാസകളില്‍ കാത്തു നില്‍ക്കേണ്ടി വരില്ലെന്നതാണ് പ്രധാന ഗുണം. ഇത് ടോള്‍ പ്ലാസകളിലെ തിരക്കും പ്രശ്‌നങ്ങളും കുറക്കും. രാജ്യത്തെ ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകള്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാ അനുഭവം സമ്മാനിക്കാന്‍ വാര്‍ഷിക പാസ് വഴി സാധിക്കുമെന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.
3,000 രൂപ മുടക്കി വാര്‍ഷിക പാസ് എടുക്കുന്നവര്‍ക്ക് 200 തവണ ടോള്‍ പ്ലാസകളിലൂടെ കടന്നു പോവാനാവും. അതായത് ശരാശരി ഒരു യാത്രക്കു വേണ്ടി വരുന്ന ചിലവ് 15 രൂപ മാത്രമാണ്. ദേശീയപാത 544ല്‍ പാലിയേക്കര ടോള്‍ പ്ലാസ കടന്നു പോവാന്‍ കാറുകള്‍ക്ക് 90 രൂപയാണ് ഈടാക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ രണ്ടു തവണ കടന്നു പോയാല്‍ 140 രൂപ ഈടാക്കും. ഇനി ഒരു മാസത്തേക്കാണെങ്കില്‍ പാസിന് 2,760 രൂപ കൊടുക്കണം.
ദേശീയ പാതകളില്‍ ശരാശരി ടോള്‍ 50 രൂപയാണെന്നു കണക്കാക്കിയാല്‍ പോലും 200 യാത്രക്ക് 10,000 രൂപ ചിലവു വരും. പ്രതിവര്‍ഷം 200 തവണ ടോളിലൂടെ കടന്നു പോവുന്നവര്‍ക്ക് പുതിയ വാര്‍ഷിക പാസ് എടുത്താല്‍ ഈ കണക്കു പ്രകാരം 7,000 രൂപ ലാഭിക്കാം. അതേസമയം ദീര്‍ഘദൂരയാത്രികരാണെങ്കില്‍ ടോള്‍ നിരക്ക് പിന്നെയും കൂടും.
ടോള്‍ പ്ലാസകളിലൂടെ അനായാസം കടന്നു പോവാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ പണം നേരിട്ട് ടോള്‍ പ്ലാസകളിലെ കൗണ്ടറുകളില്‍ കൊടുക്കേണ്ടതില്ല. ഇതിനു പകരം വാഹനങ്ങളില്‍ പതിപ്പിച്ച ഫാസ്ടാഗ് സ്റ്റിക്കര്‍ വഴി ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ പണം വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍ നിന്നും നേരിട്ട് ഈടാക്കുകയാണ് ചെയ്യുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ RFID F- സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ലളിതമാണ് ഫാസ്ടാഗിന്റെ ഉപയോഗം. നിങ്ങളുടെ വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലാണ് ഫാസ്ടാഗ് സ്റ്റിക്കര്‍ ഒട്ടിക്കുക. ഇത് പ്രത്യേകം പ്രീപെയ്ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. ടോള്‍പ്ലാസയുടെ കൗണ്ടറിലേക്ക് നിങ്ങളുടെ വാഹനം എത്തുമ്പോള്‍ ഫാസ്ടാഗ് സ്റ്റിക്കര്‍ സ്‌കാന്‍ ചെയ്യുകയും പണം ഈടാക്കുകയും ചെയ്യും. ഫാസ്ടാഗ് അക്കൗണ്ടിലെ പണം ബാക്കിയുള്ള പണത്തെക്കുറിച്ചുള്ള സന്ദേശം ഫാസ്ടാഗുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണില്‍ ലഭിക്കും. ആവശ്യമുള്ള പണം ഡിജിറ്റല്‍ പേമെന്റ് ആപ്പുകള്‍ വഴിയും മറ്റും എളുപ്പം റീച്ചാര്‍ജ് ചെയ്യാനുമാവും.