വാഷിംഗ്ടൺ : സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11ന് ടെക്സസിലെ സ്റ്റാർ ബേസിലായിരുന്നു സംഭവം. പത്താം പരീക്ഷണ വിക്ഷേപണത്തിന് മുന്നോടിയായി, റോക്കറ്റിന്റെ അപ്പര്‍സ്റ്റേജിന്റെ ഗ്രൗണ്ട് ടെസ്റ്റിനിടെ നൈട്രജൻ വാതക സ്റ്റോറേജ് യൂണിറ്റിലുണ്ടായ തകരാറാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. സ്‌ഫോടന സമയം സ്റ്റാർ ബേസിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ് എക്സ് അറിയിച്ചു.
ഇക്കൊല്ലം നടന്ന സ്റ്റാർഷിപ്പിന്റെ മൂന്ന് പരീക്ഷണ വിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സംരംഭമായ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ എത്തിക്കുന്നതിനും തിരിച്ചും ഡ്രാഗൺ ബഹിരാകാശ പേടകം ഉപയോഗിക്കുന്ന സ്പേസ് എക്സിനെ നാസ കൂടുതലായി ആശ്രയിച്ചിരുന്നു.
മെയ് തുടക്കത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വാർഷിക സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 25 ആയി ഉയർത്താൻ അംഗീകാരം നൽകി, പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പും ഇതുമൂലം ഉണ്ടാവില്ല എന്ന് നൽകിയിരുന്നു.