ന്യൂയോർക്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഇരുരാജ്യങ്ങളിലെയും നേതാക്കളാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിലാണെന്ന ട്രംപിന്റെ മുൻ നിലപാടിൽനിന്നുള്ള മാറ്റമാണിത്. ഇരുരാജ്യങ്ങളിലെയും ഗംഭീര നേതാക്കൾ യുദ്ധം തുടരേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ട്രംപ് വാർത്ത ലേഖകരോട് പറഞ്ഞു.
പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനിറിന് വൈറ്റ് ഹൗസിൽ നൽകിയ വിരുന്നിന് ശേഷമാണ് ട്രംപ് ഓവൽ ഓഫിസിൽ മാധ്യമങ്ങളെ കണ്ടത്. ആണവ യുദ്ധത്തിലേക്ക് നീങ്ങാവുന്ന സംഘർഷമാണ് അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധത്തിലേക്ക് പോകാതിരുന്നതിന് നന്ദി പറയാനാണ് മുനിറിനെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറയുന്നു. ഞങ്ങൾ ഇന്ത്യയുമായും പാകിസ്താനുമായും വ്യാപാര കരാറിന് ശ്രമിക്കുന്നുണ്ട്. -ട്രംപ് തുടർന്നു.
അതിനിടെ, ട്രംപ്-മുനിർ ചർച്ച കേന്ദ്ര സർക്കാറിന്റെ പരാജയമാണെന്ന നിലപാട് കോൺഗ്രസ് ആവർത്തിച്ചു. ഇത് ഇന്ത്യൻ നയതന്ത്രത്തിനു വലിയ തിരിച്ചടിയാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പാക് സർക്കാറിന്റെ തലവനല്ല, മറിച്ച് സൈനിക മേധാവിയാണ് മുനിർ. അദ്ദേഹത്തെയാണ് ട്രംപ് ക്ഷണിച്ച് വിരുന്നൊരുക്കിയത്. ആക്രമണോത്സുകമായ പരാമർശങ്ങൾ നടത്തിയ ആളാണ് മുനിർ എന്നും രമേശ് കൂട്ടിച്ചേർത്തു.