ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരവാദികൾ കാനഡയുടെ മണ്ണിൽനിന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്നു കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) റിപ്പോർട്ട്. സ്വതന്ത്രരാജ്യം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും ധനസമാഹരണവുമെല്ലാം ഇവർ കാനഡ കേന്ദ്രീകരിച്ചു നടത്തുന്നുവെന്നും 1980 കൾ മുതൽ ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ 2024 വാർഷിക റിപ്പോർട്ടിൽ പറയുന്നു.
കാനഡയുടെ ദേശീയ താൽപര്യത്തിനു ഇത് ഭീഷണിയാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ബുധനാഴ്ചയാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടർന്നു വിള്ളൽ വീണ ഇന്ത്യ–കാനഡ ബന്ധം വീണ്ടും സൗഹൃദവഴിയിൽ എത്തുന്നതിന്റെ സൂചന മോദിയുടെ സന്ദർശനത്തിനു പിന്നാലെ ലഭിച്ചിരുന്നു.
ഇന്ത്യ കാനഡയിൽ നടത്തുന്ന ഇടപെടലുകൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഖലിസ്ഥാൻ പ്രവർത്തകർ സജീവമായതോടെ ഇന്ത്യയുടെ വിദേശ ഇടപെടലുകൾ വർധിച്ചുവെന്നാണു നിരീക്ഷണം. ഏറ്റവും വലിയ ഭീഷണി ചൈനയിൽ നിന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ പാക്കിസ്ഥാൻ, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചും പറയുന്നു.