ന്യൂഡല്‍ഹി: ജൂണ്‍ 12-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഉന്നത തല മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ / ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പ്രതിനിധി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍, ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍, ഏവിയേഷന്‍ എക്‌സ്‌പേര്‍ട്ടുകള്‍, നിയമവിദഗ്ദര്‍ തുടങ്ങിയവരായിരിക്കും ഉന്നത തല സമിതിയിലുണ്ടാവുക.
ഫ്‌ളൈറ്റ് ഡാറ്റ, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗുകള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ഉന്നത തല സമിതി പരിശോധിക്കും. അപകടം നടന്ന പ്രദേശം സന്ദര്‍ശിക്കും. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച്ച നടത്തും. വിദേശ ഏജന്‍സികളുമായും ബന്ധപ്പെടാം. മൂന്നുമാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ദിവസം തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകൾ കണ്ടെത്തിയിരുന്നു. വിമാനം ഇടിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഒരു ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. നേരത്തെ മറ്റൊരു ബ്ലാക്ക്ബോക്സും കണ്ടെത്തിയിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ തിരച്ചിലിലാണ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സിനൊപ്പം വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററും കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു.