ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള രഹസ്യ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. മിസൈലുകളും ഡ്രോണുകളും വിമാനങ്ങളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി, റെവലൂഷണറി ഗാര്‍ഡ്‌സിന്റെ ഖതം അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ തലവന്‍ മേജര്‍ ജനറല്‍ ഗോലം അലി റാഷിദ് എന്നീ പ്രമുഖര്‍ കൊല്ലപ്പെട്ടത് ഇറാന് വന്‍തിരിച്ചടിയായി.
അതീവ രഹസ്യമായാണ് ഇസ്രയേല്‍ ഇറാനില്‍ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ ഇസ്രയിലേക്ക് മിസൈലുകള്‍ അയക്കുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം താല്‍ക്കാലികമായി തണുത്തുവെന്ന പ്രതീതിയുണ്ടായി. മാത്രവുമല്ല അന്താരാഷ്ട്ര തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയതോടെ തങ്ങള്‍ കുറച്ചെങ്കിലും അടങ്ങി നില്‍ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ ഇസ്രയേലിന് സാധിച്ചു. എന്നാല്‍ ഈ സമയമൊക്കെയും മൊസാദിന്റെ നേതൃത്വത്തില്‍ വലിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഇസ്രയേല്‍. ഇറാന്റെ മണ്ണില്‍ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേല്‍ സ്ഥാപിച്ചു. ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും സജീവമാക്കി. അതിന് തെളിവായി ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ക്കും നേരെയുള്ള തങ്ങളുടെ നടപടികള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ മൊസാദ് പുറത്തുവിട്ടു.
വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 200 യുദ്ധ വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി നല്‍കിയിരുന്ന മുന്നറിയിപ്പുകള്‍ക്കൊടുവിലാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിട്ടുണ്ട്. 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കല്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷമാണ് പശ്ചിമേഷ്യയിലെ പ്രധാനശക്തികളായ ഇസ്രയേലും ഇറാനും തമ്മില്‍ ശത്രുത രൂക്ഷമായത്. മതം, പ്രത്യയശാസ്ത്രം, ഭൗമരാഷ്ട്രീയം, തുടങ്ങിയ ഘടകങ്ങള്‍ അതിന് വളക്കൂറേകി. യുഎസിന്റെ ഇസ്രയേലിനോടുള്ള ആഭിമുഖ്യം തങ്ങളുടെ പ്രാദേശിക സമഗ്രതയ്ക്കുണ്ടാക്കുന്ന ഭീതി ഇറാനെയും ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ശ്രമിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയെന്ന ആശങ്ക ഇസ്രയേലിനെയും നിരന്തരം വേട്ടയാടി. 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതോടെ അതില്‍ ഇറാനും പരോക്ഷമായി കക്ഷിചേര്‍ന്നു. യുദ്ധത്തില്‍ പിന്നീട് ഹിസ്ബുള്ള ചേര്‍ന്നതോടെ സംഘര്‍ഷം ലെബനനിലേക്കും ഹൂതികളുടെ പങ്കിനെത്തുടര്‍ന്ന് യെമെനിലേക്കും പടര്‍ന്നു. സിറിയയിലെയും ഇറാഖിലെയും സായുധസംഘങ്ങളും ഇസ്രയേലിനെതിരേ നിഴല്‍ യുദ്ധം നയിച്ചു.