Thursday, July 3, 2025
HomeEntertainmentലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിജയത്തിനരികെ ദക്ഷിണാഫ്രിക്ക: കന്നിക്കിരീടമെന്ന ലക്ഷ്യം മറികടക്കുമോ?

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിജയത്തിനരികെ ദക്ഷിണാഫ്രിക്ക: കന്നിക്കിരീടമെന്ന ലക്ഷ്യം മറികടക്കുമോ?

ലണ്ടൻ : ആദ്യ 2 ദിനങ്ങളിൽ റൺസ് വിളയാൻ മടിച്ച പിച്ചിൽ മൂന്നാംദിനം ബാറ്റർമാർ വേരുപിടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയമോഹങ്ങളും നാമ്പിട്ടു തുടങ്ങി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ 282 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്കു സാവധാനം അടുക്കുന്നു. മൂന്നാംദിനം അവസാനിക്കുമ്പോൾ, രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി ദക്ഷിണാഫ്രിക്ക ഫൈനലിൽ മേൽക്കൈ നേടി. 2 ദിവസവും 8 വിക്കറ്റും ബാക്കിനിൽക്കെ കിരീടത്തിലേക്ക് ഇനി 69 റൺസിന്റെ ദൂരം മാത്രം.

സെഞ്ചറിയുമായി ഓപ്പണർ എയ്ഡൻ മാർക്രവും (102 നോട്ടൗട്ട്) അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ടെംബ ബവൂമയും (65 നോട്ടൗട്ട്) പ്രതീക്ഷയായി ക്രീസിലുണ്ട്. ബാറ്റർമാരോട് കൂറുകാട്ടിത്തുടങ്ങിയ പിച്ചിൽ അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ, 27 വർഷത്തിനുശേഷം ഒരു ഐസിസി കിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ഇന്നു ലോ‍ഡ‍്സിൽ യാഥാർഥ്യമാകും. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, 2ന് 213

പിച്ചിന്റെ സ്വഭാവമാറ്റം മുതലെടുത്ത് പൊരുതിയ എയ്ഡൻ മാർക്രത്തിന്റെയും ടെംബ ബവൂമയുടെയും വീരോചിത ഇന്നിങ്സുകളാണ് ഇന്നലെ 2 സെഷനുകൾക്കിടെ മത്സരത്തിന്റെ ഗതി മാറ്റിയത്. 282 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽവച്ച് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുമ്പോൾ വിജയം ഏറക്കുറെ ഉറപ്പിച്ച മട്ടിലായിരുന്നു ഓസ്ട്രേലിയൻ ടീമും ആരാധകരും. ലോഡ്സിൽ ഇതിനു മുൻപ് 2 തവണ മാത്രമാണ് ടെസ്റ്റിൽ 250നു മുകളിൽ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ആ ചരിത്രവും ഓസീസിന്റെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ചു. ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റയാൻ റിക്കൽറ്റനെ (6) മിച്ചൽ സ്റ്റാർക് പുറത്താക്കിയപ്പോൾ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.

എന്നാൽ, ആരാധകരെ അമ്പരപ്പിച്ചും എഴുതിത്തള്ളിയവരെക്കൊണ്ടു കയ്യടിപ്പിച്ചും ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരുന്നതാണു പിന്നീടു കണ്ടത്. വിയാൻ മുൾഡറെ (27) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 61 റൺസ് നേടിയ എയ്ഡൻ മാർക്രം, ടീമിനെ മത്സരത്തിൽ ആദ്യമായി ഫ്രണ്ട് ഫൂട്ടിലേക്ക് എത്തിച്ചു. വലിയ ലക്ഷ്യത്തെയും ഓസീസ് പേസർമാരുടെ പന്തുകളെയും കൂസാതെയുള്ള നിർഭയ ബാറ്റിങ് ദക്ഷിണാഫ്രിക്കൻ സ്കോറിങ്ങിന്റെ വേഗം കൂട്ടി. സ്കോർ 70ൽ നിൽക്കെ മുൾഡറെ പുറത്താക്കിയ സ്റ്റാർക് ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മാർക്രത്തിനു കൂട്ടായി ബവൂമയെത്തിയതോടെ ബാറ്റിങ്ങിന്റെ കരുത്തു വർധിച്ചു.

ഇടയ്ക്കു പേശിവലിവുമൂലം ചികിത്സ തേടിയതു ബവൂമയുടെ ബാറ്റിങ്ങിനെ ബാധിച്ചതുമില്ല. 6 ഓസീസ് ബോളർമാർ ചേർന്ന് 39 ഓവറുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടും മാർക്രം– ബവൂമ കൂട്ടുകെട്ട് പൊളിക്കാനായില്ല. മൂന്നാം വിക്കറ്റിൽ 232 പന്തിൽ 143 റൺസാണ് ഇരുവരും ചേർന്ന് ഇതുവരെ നേടിയത്.

2 ദിവസം പേസർമാരെ തുണച്ച ലോഡ്സ് പിച്ചിനെ ഇന്നലെ ആദ്യം മെരുക്കിയെടുത്തത് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കാണ്. 8ന് 144 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഓസീസിനു മൂന്നാം ഓവറിൽ നേഥൻ ലയണിന്റെ (2) വിക്കറ്റ് നഷ്ടമായി. എന്നാ‍ൽ, അവസാന വിക്കറ്റ് നേടാൻ തുടർന്നുള്ള 23 ഓവറുകൾ ദക്ഷിണാഫ്രിക്കയ്ക്കു കാത്തിരിക്കേണ്ടിവന്നു.‌

അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മിച്ചൽ സ്റ്റാർക്കിന്റെ (58*) ഇന്നിങ്സ് ഓസ്ട്രേലിയയ്ക്ക് ‘ബോണസായി’ മാറി. ജോഷ് ഹെയ്സൽവുഡിനൊപ്പം (17) 10–ാം വിക്കറ്റിൽ സ്റ്റാർക് നേടിയ 59 റൺസാണ് ടീം സ്കോർ 200 കടത്തിയത്. രണ്ടാംദിനം 7ന് 73 എന്ന നിലയിൽ പതറിയശേഷം തിരിച്ചടിച്ച ഓസ്ട്രേലിയ 207 റൺസിനാണ് ഓൾഔട്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments