Wednesday, July 2, 2025
HomeNewsഅഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ; അന്വേഷണത്തിനായ് അമേരിക്കൻ ഏജൻസികളും

അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ; അന്വേഷണത്തിനായ് അമേരിക്കൻ ഏജൻസികളും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണം മുന്നൂറിനോട് അടുക്കുകയാണ്. നിലവിൽ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.

വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവുക. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദഗ്ധ സംഘം ഉടൻ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാൻ ഉള്ള വഴികൾ സമിതി നിർദ്ദേശിക്കും.

അന്വേഷണത്തിൽ രണ്ട് അമേരിക്കൻ ഏജൻസികളും പങ്കെടുക്കും.അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണവുമായി സഹകരിക്കും. ബോയിങ്ങിൽ നിന്നും ജിഇയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കും

ഇരുനൂറിലേറെ പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ത്രസ്റ്റ് ഉണ്ടായിരുന്നില്ലെന്ന പൈലറ്റിന്റെ അവസാന സന്ദേശം നിർണായകമാണ്. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പക്ഷികൾ ഇടിച്ചോ എന്നും അന്വേഷിക്കും. സുമിത് സഭർവാളും ക്ലൈവ് കുന്ദറും പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments