വാഷിംഗ്ടണ്‍: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക അതീവ ജാഗ്രതയിലാണെന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് യുഎസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടാൽ അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം ഭയപ്പെടുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആശങ്കകള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബുധനാഴ്ച മിഡില്‍ ഈസ്റ്റില്‍ നിന്ന്, പ്രത്യേകിച്ച് ഇറാനില്‍ നിന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റുമെന്ന് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചില ജീവനക്കാരെ ഇറാഖ് വിടാന്‍ അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, യുഎസ് പെന്റഗണ്‍ സൈനിക കുടുംബങ്ങള്‍ക്ക് മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങള്‍ സ്വമേധയാ വിട്ടുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു കരാര്‍ അന്തിമമാക്കുമെന്ന ട്രംപിന്റെ പ്രതീക്ഷകള്‍ മങ്ങുന്നതിനിടയിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇറാനെ ആണവായുധം കൈവശം വയ്ക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും ബുധനാഴ്ച ട്രംപ് പറഞ്ഞിട്ടുണ്ട്.