Thursday, July 3, 2025
HomeIndiaഅഹ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് 787 വിമാനം തകർന്നു: യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോർട്ട്‌

അഹ്മദാബാദിൽ എയർ ഇന്ത്യ ബോയിങ് 787 വിമാനം തകർന്നു: യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോർട്ട്‌

അഹ്മദാബാദ്: അഹ്മദാബാദിൽ നിന്ന് പറന്നുയർന്ന് പിന്നീട് അഗ്നിഗോളമായി മാറിയ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരിൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിച്ച് അഹ്മദാബാദ് പൊലീസ്. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അപകടത്തിൽ മലയാളി യുവതിയുടെ മരണം അധികൃതർ സ്ഥിരീകരിച്ചിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീണത്. എം.ബി.ബി.എസ് ഡോക്ടർമാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അഞ്ച് ഡോക്ടർമാരും മരിച്ചു. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്.

ഉച്ചക്ക് 1.17ന് സർദാർ വല്ലഭ്ഭായി പട്ടേൽ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകർന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനർ യാത്രാ വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം. വിമാനം തകർന്നതായി എയർ ഇന്ത്യ എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടനെ ‘മേയ്ഡേ കാൾ’ എന്നറിയപ്പെടുന്ന അപായ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് നൽകിയിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് തിരികെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിമാനവുമായി ആശയവിനിമയം സാധ്യമായില്ല. പിന്നാലെയാണ് ദുരന്ത വിവരമെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments