വാഷിംഗ്ടണ്‍: അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റായി ഡോ. ബോബി മുക്കാമല ചുമതലയേറ്റു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ 178 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനായ മേധാവിയെ ലഭിക്കുന്നത്. ഡോ. ബ്രൂസ് സ്‌കോട്ടിന്റെ പിന്‍ഗാമിയാണ് ബോബി.‘ഇത് വികാരഭരിതമാണ്. ഇത് അത്ഭുതകരമാണ്,’ എന്നാണ് എഎംഎയുടെ180-ാമത് പ്രസിഡന്റായി ചുമതലയേറ്റ ബോബി മുക്കാമല പ്രതികരിച്ചത്. ചിക്കാഗോയിലാണ് എഎംഎ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.കാന്‍സറിനോടുള്ള പോരാട്ടത്തില്‍ ഡോ. ബോബിയുടെ ജീവിതം പ്രചോദനമാണ്. കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹത്തിന്റെ തലച്ചോറിന്റെ ഇടതുവശത്ത് ട്യൂമര്‍ കണ്ടെത്തിയത്. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ട്യൂമറിന്റെ 90 ശതമാനവും നീക്കം ചെയ്യാനായി.എഎംഎ സബ്സ്റ്റന്‍സ് യൂസ് ആന്‍ഡ് പെയിന്‍ കെയര്‍ ടാസ്‌ക് ഫോഴ്‌സിന്റെ അധ്യക്ഷനായിരുന്ന ഇദ്ദേഹം വൈദ്യശാസ്ത്രത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. ഇത് കോവിഡ് പകര്‍ച്ചവ്യാധി സമയത്തുള്‍പ്പെടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായിരുന്നു.