അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 241 പേരും മരണപ്പെട്ടപ്പോൾ 45 കാരനായ രമേഷ് വിശ്വാസ് കുമാര്‍ ആണ് ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം.
മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചുവെന്ന വിവരങ്ങളാണ് നേരത്തേ പുറത്തുവന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരമെന്ന് ഗുജറാത്ത് പൊലീസും സ്ഥിരീകരിച്ചിരുന്നു. അതിനിടെയാണ് എല്ലാവരും മരിച്ചിട്ടില്ലെന്നും, ഒരാള്‍ എല്ലാത്തിനും സാക്ഷിയായി ജീവനോടെയുണ്ടെന്നുമുള്ള വിവരം പുറത്തുവരുന്നത്. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്.
അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേരളത്തിന് തീരാനോവായി രഞ്ജിത ഗോപകുമാർ. ലണ്ടനിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിതയുടെ ജീവനും എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നഷ്ടമായെന്ന് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനാലാണ് പത്തനംതിട്ടയിലെത്തിയത്. നാട്ടിലെ സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് തിരികെ ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തമുണ്ടായത്. ലണ്ടനിലേക്ക് മടങ്ങാനായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇന്നലെ തിരുവല്ലയിൽ നിന്ന് രഞ്ജിത ചെന്നൈയ്ക്ക് ട്രെയിനിൽ പോയി. അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി.
അവിടെ നിന്ന് അപകടത്തിൽപെട്ട വിമാനത്തിൽ ലണ്ടനിലേക്ക് പോകാനാണ് നിശ്ചയിച്ചിരുന്നത്. ദുരന്തത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ രഞ്ജിതയുണ്ടായിരുന്നെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണ വാർത്തയും കളക്ടർ സ്ഥിരീകരിച്ചത്.