വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിനെതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇടപെടാതെ ഫെഡറല്‍ കോടതി. നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നല്‍കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളി. ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോസ് ആഞ്ചലസില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസിന്റേതാണ് പ്രഖ്യാപനം.
പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന റെയ്ഡുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് മേയര്‍ കാരന്‍ ബാസ് പറഞ്ഞു. പ്രക്ഷോഭത്തില്‍ നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. നേതാക്കന്മാരോടും നിയമവിദഗ്ധരോടും സംസാരിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് കരുതുന്നതെന്നും കാരന്‍ ബാസ് പറഞ്ഞു.
ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് ചീഫ് ജീം മക്‌ഡോണല്‍ പറഞ്ഞു. അടിയന്തരാവസ്ഥ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശനിയാഴ്ച മുതല്‍ നഗരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു. ശനിയാഴ്ച മാത്രം 27 പേരെ അറസ്റ്റ് ചെയ്തു.