ന്യൂഡല്‍ഹി : പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ആക്‌സിയം 4 വിക്ഷേപണം മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന വിക്ഷേപണം ഒരു ദിവസത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. നാളെ വൈകിട്ട് (ജൂണ്‍ 11)5.30 ന് ആയിരിക്കും ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ യാത്ര. കെന്നഡി സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്ന യുഎസിലെ ഫ്ലോറിഡയിൽ കാലാവസ്ഥ പ്രതികൂ ലമായതിനെത്തുടർന്നാണ് ഇന്നു വൈകുന്നേരം നിശ്ചയിച്ചിരുന്ന യാത്ര മാറ്റിയത്.
സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ദൗത്യ സംഘത്തെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറന്നുയരാന്‍ ഒരുങ്ങുന്ന ആക്‌സിയം-4 ദൗത്യം മാറ്റിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നേരിയ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
‘കാലാവസ്ഥാ വ്യതിയാനം കാരണം, ഇന്ത്യന്‍ ഗഗന്‍യാത്രിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നതിനുള്ള ആക്‌സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂണ്‍ 10-ല്‍ നിന്ന് 2025 ജൂണ്‍ 11-ലേക്ക് മാറ്റിവച്ചു. 2025 ജൂണ്‍ 11-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30 ആണ് വിക്ഷേപണം,” ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
ടെക്‌സസ് ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവയുടെ സഹകരണത്തോടെയുള്ള ഒരു ദൗത്യമാണ് ആക്‌സ്-4 ദൗത്യം. ഇന്ത്യ, ഹംഗറി, പോളണ്ട്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗ അന്താരാഷ്ട്ര സംഘത്തെ രണ്ടാഴ്ചത്തെ ദൗത്യത്തിനായി ഐഎസ്എസിലേക്ക് ഈ ദൗത്യം അയയ്ക്കും. പെഗ്ഗി വിറ്റ്സൻ (യുഎസ്) സ്ലാവോസ് വിസീവ്സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു മറ്റു യാത്രികർ. പെഗ്ഗിയാണു ദൗത്യത്തെ നയിക്കുന്നത്. ശുഭാംശു ശുക്ല പൈലറ്റാവും. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രികർ ഇരിക്കുക.
ഇന്ത്യ ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ദൗത്യം വിജയകരമായാല്‍, 40 വര്‍ഷത്തിനിപ്പുറം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി ബഹിരാകാശത്തേക്ക് എത്തുന്നത്. ശുഭാന്‍ഷു ശുക്ലയിലൂടെ മനുഷ്യ ബഹിരാകാശ യാത്രയുടെ തിരിച്ചുവരവാകും ഇന്ത്യ അടയാളപ്പെടുത്തുക.