Friday, July 4, 2025
HomeNewsകേരള തീരത്ത് ചരക്ക് കപ്പലിൽ വൻ തീപ്പിടുത്തം: കപ്പൽ ജീവനക്കാർ കടലിൽ ചാടി,...

കേരള തീരത്ത് ചരക്ക് കപ്പലിൽ വൻ തീപ്പിടുത്തം: കപ്പൽ ജീവനക്കാർ കടലിൽ ചാടി, തിരച്ചിൽ ഉർജിതം

കൊച്ചി: കേരള തീരത്ത് വീണ്ടും കപ്പലപകടം. ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിന് തീപ്പിടിച്ചു. വാൻ ഹായ് ലൈൻസ് ഷിപ്പിങ് കമ്പനിയുടെ വാൻ ഹായ് 503 എന്ന കപ്പലിലാണ് തീപ്പിടിത്തം. അറബിക്കടലിൽ ബേപ്പൂരിനും കണ്ണൂർ അഴീക്കൽ തുറമുഖത്തിനും ഇടയിൽ തീരത്തുനിന്ന് 66 നോട്ടിക്കൽ മൈൽ (122 കി.മീറ്റർ) അകലെയാണ് അപകടമുണ്ടായത്. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചതായാണ് വിവരം. സിംഗപ്പൂർ കൊടിവെച്ച കപ്പലാണ് അപകടത്തിൽപെട്ടത്.

22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായാണ് വിവരം. കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിനായി അപകടമേഖലയിലേക്ക് എത്തി. തീപ്പിടിത്തമുണ്ടായതോടെ കപ്പൽ ജീവനക്കാർ രക്ഷപ്പെടാനായി കടലിലേക്ക് ചാടി. ചില ജീവനക്കാരെ കോസ്റ്റ് ഗാർഡ് കപ്പലുകൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. നാലു ജീവനക്കാരെ കാണാതായതായും റിപ്പോർട്ടുണ്ട്.

മംഗളൂരുവിൽ നിന്നുള്ള ഐ.സി.ജി.എസ് രാജ്ദൂത്, കൊച്ചിയിൽ നിന്നുള്ള ഐ.സി.ജി.എസ് അരുൺവേശ്, അഗത്തിയിൽ നിന്നുള്ള ഐ.സി.ജി.എസ് സാചേത് എന്നീ കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാവികസേനയുടെ ഐ.എൻ.എസ് സൂറത്ത്, ഐ.എൻ.എസ് ഗരുഡ എന്നീ കപ്പലുകളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

എം.എസ്.സി എൽസ 3 എന്ന ചരക്കുകപ്പൽ കൊച്ചിക്ക് സമീപം കടലിൽ മുങ്ങിയ അപകടത്തിന്‍റെ ഞെട്ടൽ മാറും മുമ്പാണ് കേരള തീരത്ത് വീണ്ടുമൊരു അപകടമുണ്ടാകുന്നത്. മേയ് 25നായിരുന്നു എം.എസ്.സി എൽസ 3 അപകടാവസ്ഥയിലായത്. തൊട്ടടുത്ത ദിവസം കപ്പൽ പൂർണമായും കടലിൽ മുങ്ങുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments