ഗസ്സ സിറ്റി: മൂന്ന് മാസമായി ഉപരോധം നേരിടുന്ന ഗസ്സയിലേക്ക് സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ സഹായവുമായി പോയ മെഡ്‌ലീന്‍ കപ്പൽ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിൽ 12 സന്നദ്ധ പ്രവർത്തകരാണ് ഫ്രീഡം ഫ്ളോട്ടില മൂവ്മെന്‍റിന്‍റെ ഭാഗമായി മെഡ്‌ലീന്‍ കപ്പലിൽ ഗസ്സക്ക് സഹായവുമായി പുറപ്പെട്ടത്.
ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞിരുന്നു. മെഡ്‌ലീന്‍ ഗസ്സ തീരത്ത് അടുക്കുന്നത് തടയുമെന്ന് ഇസ്രായേൽ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പൽ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്രായേൽ, ‘സെലബ്രിറ്റികളുടെ സെൽഫി കപ്പൽ’ എന്നാണ് യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രികരെ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു.
ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റംഗം റിമ ഹസൻ, ചലച്ചിത്ര നടൻ ലിയൻ കണ്ണിങ്ഹാം, ജർമൻ മനുഷ്യാവകാശ പ്രവർത്തക യാസ്മിൻ അകാർ എന്നിവരും യാത്ര സംഘത്തിലുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേലിന്‍റെ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനൊപ്പം, ഇസ്രായേലിന്‍റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുകയും യാത്രയുടെ ലക്ഷ്യമാണ്. ഫ്രീ ഗസ്സ മൂവ്മെന്‍റിന്‍റെ ഗസ്സ ഫ്രീഡം ഫ്ലോട്ടിലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര തിരിച്ചത്.
അതേസമയം, ഗസ്സയിൽ കൂട്ടക്കൊല ഇടതടവില്ലാതെ തുടരുകയാണ് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 108 പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ സേന നടത്തിയ വെടിവെപ്പിൽ 13 പേർ മരിച്ചു. ഇന്ധനം തീർന്നതോടെ അവശേഷിച്ച ഗസ്സ ആശുപത്രികളും അടച്ചുപൂട്ടലിൻറെ വക്കിലാണ്. ഖാൻ യൂനുസിൽ താമസകേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു
റഫയിൽ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ രണ്ട് കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയവർക്കു നേരെ വീണ്ടും വെടിവെപ്പുണ്ടായതിൽ 13 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചു. ഗസ്സയിൽ ആരോഗ്യ സംവിധാനം പൂർണ തകർച്ച നേരിടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വംശഹത്യയുടെ ഏറ്റവും ക്രൂരമായ ഘട്ടത്തിലേക്കാണ് ഗസ്സ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മെഡിക്കൽ ആൻഡ് ഹ്യുമാനിറ്റേറിയൻ എയിഡ് അധികൃതർ മുന്നറിയിപ്പ് നൽകി.