പട്ന: ബിഹാർ നിയമസഭ പ്രതിപക്ഷ നേതാവും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. പൈലറ്റ് വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. അപകടത്തിൽ തേജസ്വിക്ക് പരിക്കുകളില്ല. തേജസ്വിയുടെ സുരക്ഷ സംഘത്തിലെ മൂന്ന് പേർക്ക് പരിക്കുണ്ട്.
ശനിയാഴ്ച പുലർചയോടെ വൈശാലി ജില്ലയിൽവെച്ചാണ് സംഭവം.മധേപുരയിൽ നിന്ന് പട്നയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ഗൊറാളിനടുത്തുള്ള പട്‌ന-മുസാഫർപൂർ ദേശീയപാതയിൽ ഗോരാൾ ടോൾ പ്ലാസക്ക് സമീപത്തെ കടയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു തേജസ്വിയും സംഘവും. ഇതിനിടെ നിയന്ത്രണം വിട്ടുവന്ന ട്രക്ക് തേജസ്വിയുടെ പൈലറ്റ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ പൈലറ്റ് വാഹനത്തിന് വെറും അഞ്ചടി അപ്പുറത്തായിരുന്നു തേജസ്വി യാദവ് നിന്നിരുന്നത്. എന്നാൽ പരിക്കുകളൊന്നും ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. വാഹനം കുറച്ച് മുന്നോട്ട് എടുത്തിരുന്നെങ്കിൽ വലിയ അപകടം സംഭവിച്ചേനെ എന്നും തേജസ്വി കൂട്ടിച്ചേർത്തു.
പരിക്കേറ്റ സൂരക്ഷാസേന അംഗങ്ങളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.