ലണ്ടൻ∙ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ ആരാധകർ ആരും എത്തിയില്ലെന്നു വെളിപ്പെടുത്തൽ. സാധാരണ ഇന്ത്യൻ താരങ്ങൾ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ നൂറു കണക്കിന് ആരാധകരും വിദേശ മാധ്യമങ്ങളും സ്വീകരിക്കാൻ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിമാനത്താവളത്തിൽ ആരാധകർ ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യയിൽനിന്നു പോയ ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ ഇവരെ സ്വീകരിക്കാൻ ആരാധകര്‍ വലിതോതിലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമ പ്രവർത്തകൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നീ സൂപ്പർ താരങ്ങൾ വിരമിച്ച ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ യുവതാരങ്ങളാണ് ഏറെയുള്ളത്. ഇന്ത്യൻ ടീം യുകെയിലെത്തിയതിന്റെ ദൃശ്യങ്ങൾ ബിസിസിഐ പങ്കുവച്ചതിലും ആരാധകരെ കാണിക്കുന്നില്ല. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ കളിക്കുക. ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ഇന്ത്യ എ ടീമിനെതിരെ സീനിയർ ടീം സന്നാഹ മത്സരവും കളിക്കുന്നുണ്ട്.