അമൃത്സർ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബിൽ ഒരു യൂട്യൂബർ അറസ്റ്റിൽ. നിരവധി സബ്സ്ക്രൈബർമാരുള്ള, ‘ജാൻ മഹൽ’ എന്ന യൂട്യൂബ് ചാനൽ ഉടമ ജസ്ബിർ സിങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
രൂപ്നഗർ ജില്ലയിലെ മഹ്‌ലാൻ സ്വദേശിയാണ് ജസ്ബിർ സിങ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെൽ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ ജട്ട് രൺധാവ എന്നയാളുമായി ജസ്ബിർ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
2020, 2021, 2024 എന്നീ വർഷങ്ങളിൽ ജസ്ബിർ പാകിസ്താൻ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.