ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായതിൽ വീണ്ടും പ്രതികരിച്ച് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. നഷ്ടങ്ങളെ കുറിച്ചല്ല ഫലത്തേക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പൂണെ യുണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഓപ്പറേഷൻ സിന്ദുറിന്റെ പശ്ചാത്തലത്തിൽ യുദ്ധത്തിന്റെ സ്വഭാവം വിശദീകരിക്കാനാണ് താൻ ശ്രമിച്ചത്. നമുക്ക് മികച്ച ഡ്രോൺ സംവിധാനമുണ്ട്. വെല്ലുവിളികളെ കുറിച്ച് നമ്മൾ കൃത്യമായി മനസിലാക്കിയിരുന്നു. ഒരു പ്രൊഫഷണൽസേനയെന്ന നിലയിൽ തിരിച്ചടികളും നഷ്ടങ്ങളും നമ്മെ ബാധിച്ചിട്ടില്ല.
തെറ്റുകൾ മനസിലാക്കി അത് തിരുത്തിയാണ് നാം മുന്നോട്ട് പോയത്. തിരിച്ചടികളിൽ തളർന്നിരിക്കാൻ നമുക്കാവില്ല. നഷ്ടങ്ങളല്ല, ഓപ്പറേഷന്റെ ഫലപ്രാപ്തിയാണ് പ്രാധാന്യം അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ലുംബെർഗുമായി സംസാരിക്കുന്നതിനിടെ ഇന്ത്യക്ക് യുദ്ധവിമാനം നഷ്ടമായെന്ന് സൈനിക മേധാവി സമ്മതിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിലാണ് യുദ്ധവിമാനം നഷ്ടമായന്നെും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, തെറ്റ് മനസിലാക്കി ഉടൻ തന്നെ പാകിസ്താൻ യുദ്ധതന്ത്രം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാക് പ്രധാനമന്ത്രിയുടെ വാദത്തെ അദ്ദേഹം തള്ളുകയും ചെയ്തു