കൊളറാഡോയിലെ ബൗൾഡേഴ്‌സ് പേൾ സ്ട്രീറ്റ് മാളിൽ ഒരു വ്യക്തി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. 13-ാം സ്ട്രീറ്റിലും പേൾ സ്ട്രീറ്റിലും ഞായറാഴ്ച ഉച്ചയ്ക്ക് 1:26 നാണ് അക്രമാസക്തമായ സംഭവം അരങ്ങേറിയത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. എല്ലാവരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി എന്നു സംശയിക്കുന്ന വ്യക്തിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
ഹമാസിൻ്റെ കയ്യിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഇസ്രയേൽ അനുകൂല മാർച്ചിനിടയാണ് അക്രമം അരങ്ങേറിയത്. ഒരു വ്യക്തി നിരവധി പേർക്ക് തീ വയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപിടിക്കുന്ന ഇന്ധനം നിറച്ച കുപ്പികൾ ( മോളോടോൾ കോക്ക്ടെയിൽസ് ) അക്രമി ആളുകൾക്ക് നേരെ എറിഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു.
പ്രദേശം പൊലീസ് ഒഴിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനായും വാൾനട്ടിനും പൈനും ഇടയിലുള്ള പേൾ സ്ട്രീറ്റിലെ 1200, 1300, 1400 ബ്ലോക്കുകളിൽ നിന്ന് ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് ബൗൾഡർ പോലീസ് പറഞ്ഞു.സ്ഥലം ഇതുവരെ സുരക്ഷിതമല്ലെന്നും സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈകുന്നേരം 4 മണിക്ക് നടന്ന പത്രസമ്മേളനത്തിൽ, അധികൃതർ പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.