ബംഗളുരു: കന്നഡ ഭാഷ ഉണ്ടായത് തമിഴിൽ നിന്നാണെന്ന കമൽ ഹാസന്‍റെ പ്രസ്താവനയോടെ കത്തിപ്പടർന്ന വിവാദം തണുക്കുന്നില്ല. കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ തഗ് ലൈഫ് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് കർണാടകയിലെ സിനിമ സംഘടനകൾ.
”മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ ‘തഗ് ലൈഫ്’ റിലീസ് ചെയ്യില്ല. ഇത് സിനിമാ വ്യവസായത്തിന്‍റെ മാത്രം പ്രശ്നമല്ല, മൊത്തം സംസ്ഥാനത്തിന്‍റെ പ്രശ്നമാണ്. കന്നഡ ഭാഷ അനുകൂല സംഘടനകൾ ഇക്കാര്യത്തിൽ കടുംപിടിത്തത്തിലാണ്. അദ്ദേഹം മാപ്പ് പറയാതെ സിനിമ റിലീസ് ചെയ്യുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും. സിനിമാ വിതരണക്കാരും പ്രദർശന ശാലകളും ഒന്നും സിനിമയെടുക്കാൻ ഒരുക്കമല്ല. പിന്നെ എങ്ങനെയാണ് റിലീസ് ചെയ്യുക? കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എം. നരസിംഹലു ചോദിച്ചു.
തഗ് ലൈഫിലെ സഹതാരങ്ങളായ തൃഷ കൃഷ്ണൻ, സിലമ്പരസൻ എന്നിവർ കൂടി പങ്കെടുത്ത ചടങ്ങിലാണ് കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന പരാമർശം കമൽ ഹാസൻ നടത്തിയത്. കമല്‍ഹാസന്‍റെ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫ് ജൂണ്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ തഗ് ലൈഫിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. യു.എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ റൺടൈം രണ്ട് മണിക്കൂർ 45 മിനിറ്റാണ്.അതേസമയം, കമൽഹാസന്റെ പരാമർശത്തിനെതിരെ കർണാടകത്തിൽ വ്യാപകമായി പ്രതിഷേധം തുടരുകയാണ്. അദ്ദേഹത്തിന്‍റെ പോസ്റ്ററുകൾ കത്തിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കന്നഡ ഭാഷാ അനുകൂലികൾ പ്രതിഷേധിച്ചത്.
കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ പരാമർശം നടത്തിയെങ്കിൽ മാത്രമേ മാപ്പ് പറയൂവെന്ന നിലപാടിൽ കമൽഹാസൻ ഉറച്ചുനിൽക്കുകയാണ്.‘നേരത്തേയും കമൽഹാസൻ ഇത്തരത്തിൽ ഭീഷണിക്ക് വിധേയനായിട്ടുണ്ട്. പക്ഷെ സ്നേഹം മാത്രമാണ് എല്ലായ്പ്പോഴും വിജയിക്കുക. കർണാടകയോടും ആന്ധ്രപ്രദേശിനോടും കേരളത്തിനോടുമുള്ള എന്‍റെ സ്നേഹം സത്യസന്ധമാണ്. പ്രത്യേക അജണ്ട ഉള്ളവർക്ക് മാത്രമാണ് അതിൽ സംശയം തോന്നുകയുള്ളൂ. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു.’ എന്നായിരുന്നു മാപ്പു പറയണമെന്ന ആവശ്യത്തോടുള്ള മക്കൾ നീതി മെയ്യം നേതാവായ കമൽ ഹാസന്‍റെ പ്രതികരണം