Friday, December 5, 2025
HomeAmericaട്രംപിന് കുരുക്കായി ക്രിപ്റ്റോ കറന്‍സി: പാകിസ്ഥാൻ കമ്പനിയുമായി ഡീലുണ്ടാക്കിയതിൽ അന്വേഷണം നടത്താൻ അമേരിക്കൻ സെനറ്റ്

ട്രംപിന് കുരുക്കായി ക്രിപ്റ്റോ കറന്‍സി: പാകിസ്ഥാൻ കമ്പനിയുമായി ഡീലുണ്ടാക്കിയതിൽ അന്വേഷണം നടത്താൻ അമേരിക്കൻ സെനറ്റ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോകറന്‍സി കമ്പനി പാകിസ്ഥാനിലെ കമ്പനിയുമായി വന്‍ ഡീലുണ്ടാക്കിയതിൽ അന്വേഷണം. ട്രംപിന്‍റെ ‘ക്രിപ്റ്റോ പ്രേമം’ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ എന്നാണ് സെനറ്റ് അന്വേഷിക്കുന്നത്. ട്രംപിനും കുടുംബത്തിനും ഭൂരിപക്ഷം ഓഹരിയുള്ള ക്രിപ്റ്റോ കമ്പനിയായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഏപ്രില്‍ 26-ന് ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല എന്നതാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കാരണം. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഇന്‍ക് നേതൃനിരയില്‍ ട്രംപിനെയും മക്കളായ ഡോണള്‍ഡ് ജൂനിയര്‍, എറിക്, കൊച്ചുമകന്‍ ബാരണ്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപിനെ ‘ചീഫ് ക്രിപ്റ്റോ അഡ്വക്കേറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിപ്റ്റോ ലോകത്ത് ട്രംപിന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സെനറ്റ് ചോദ്യങ്ങൾ ഉയര്‍ത്തിയിരിക്കുകയാണ്. മെയ് ആറ് മുതല്‍ ഇന്ത്യന്‍ വ്യോമാക്രമണം പാക് ഭീകരകേന്ദ്രങ്ങളില്‍ നടന്ന അതേ സമയം സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലിന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണം, ട്രംപിന്‍റെ വിദേശ ക്രിപ്റ്റോ ഇടപാടുകളിലെ വൈരുദ്ധ്യങ്ങളും നിയമലംഘനങ്ങളും പരിശോധിക്കും. എന്നാല്‍, കമ്പനി ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments