പി. പി ചെറിയാൻ
ഷിക്കാഗോ : അച്ഛന്റെയും 7 വയസ്സുള്ള സഹോദരന്റെയും മുന്നിൽവച്ച് അമ്മയെ മകൻ കൊലപ്പെടുത്തി. ടാറ്റനിഷ ജാക്‌സന്റെ ( 43 ) തലയ്ക്ക് നാല് തവണയാണ് 17 വയസ്സുള്ള മകൻ ഡേവിയൻ പ്രിയർ വെടിവച്ചത്.
നഗരത്തിലെ സൗത്ത് ഷോർ പരിസരത്ത് കൗമാരക്കാരന്റെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചുവന്ന് ഷിക്കാഗോ പൊലീസ് വ്യക്തമാക്കി. സൗത്ത് കോർണെൽ അവന്യൂവിലെ 6800-ബ്ലോക്കിലെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ‘നിർഭാഗ്യവശാൽ ഇത് വളരെ സങ്കടകരവും ഭയാനകവുമാണ്’ അയൽവാസിയായ മോണിക്ക് ട്രോപെറ്റ് പറഞ്ഞു. ടാറ്റനിഷ ജാക്‌സണാണ് കൊല്ലപ്പെട്ടതെന്ന് അയൽക്കാർ തിരിച്ചറിഞ്ഞു. വീട്ടുകാരുടെ മുന്നിൽ വച്ചാണ് വെടിയേറ്റതെന്നും അവർ പറഞ്ഞു.
ടാറ്റനിഷയുടെ തലയ്ക്ക് നാല് തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. സഹായത്തിനായി ഓടിയെത്തിയ ഭർത്താവിന്റെയും അവരുടെ ഇളയ മകന്റെയും മുന്നിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ടാറ്റനിഷയെ ഗുരുതരാവസ്ഥയിൽ ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.