വാഷിംഗ്ടൺ: രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്താൻ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഇല്ലീഗൽ ഏലിയൻ’ എന്നാണ് ട്രംപ് കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തിരിക്കുന്നത്. സൗജന്യ വിമാനയാത്രാ സൗകര്യവും ക്യാഷ് ബോണസുമടക്കം നൽകി അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പദ്ധതിക്ക് “പ്രൊജക്റ്റ് ഹോംകമിംഗ്”എന്നാണ് പേരു നൽകിയിരിക്കുന്നത്. ഇത് വഴി നികുതിദായകർക്ക് കോടിക്കണക്കിന് ഡോളർ പണം ലാഭിക്കാൻ കഴിയുമെന്ന് ട്രംപ് പുറത്തു വിട്ട വീഡിയോയിൽ പറയുന്നു.
അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ അമേരിക്ക വിടാനുള്ള ഒരു മാർഗമാണിത്. രാജ്യത്തിന് പുറത്തേക്ക് സൗജന്യ വിമാന ടിക്കറ്റും എക്സിറ്റ് ബോണസും ഞങ്ങൾ നൽകും. CBP ഹോം എന്ന പേരിൽ ഒരു ഫോൺ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പിലൂടെ ഏത് വിദേശ രാജ്യത്തേക്കും സൗജന്യ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ട്രംപ് പ്രഖ്യാപിച്ചു.