വാഷിംഗ്ടൺ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മരുന്നുകളുടെ ഇറക്കുമതിക്ക് പുതിയ തീരുവകൾ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ മെഡിക്കൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ ഉൽപ്പാദകരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രസിഡന്‍റ് ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവച്ചിരുന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം, യുഎസ് വ്യാപാര പങ്കാളികൾക്കെല്ലാം ട്രംപ് വ്യാപകമായ തീരുവകൾ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പരസ്പര തീരുവ പ്രഖ്യാപനത്തിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ ട്രംപ് ഒഴിവാക്കിയിരുന്നു. ഈ ഒഴിവാക്കൽ തുടക്കത്തിൽ ആശ്വാസത്തോടെയാണ് സ്വീകരിക്കപ്പെട്ടതെങ്കിലും, മരുന്നുകളുടെ ഇറക്കുമതിക്ക് തീരുവ ചുമത്തുന്നതിനെക്കുറിച്ച് ഇപ്പോഴും ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. മരുന്നുകളുടെ വിലനിർണ്ണയത്തിന്‍റെ കാര്യത്തിൽ മറ്റ് രാജ്യങ്ങൾ നമ്മളോട് നീതിരഹിതമായാണ് പെരുമാറിയിട്ടുള്ളത്. അടുത്ത ആഴ്ച ഞങ്ങൾ ഒരു വലിയ പ്രഖ്യാപനം നടത്താൻ പോകുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്.
ഏത് രാജ്യങ്ങളെയും ഉൽപ്പന്നങ്ങളെയും ലക്ഷ്യമിടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസ് പ്രതിവർഷം 200 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിൽ ഗണ്യമായ ഒരു പങ്ക് യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിൽ (FY24) ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനം അമേരിക്കയായിരുന്നു. ഇത് മൊത്തം കയറ്റുമതിയുടെ 31 ശതമാനത്തിലധികമാണ്.