പഹല്‍ഗാമില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പാക്കിസ്ഥാന് ഓപറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യ 12 ഭീകരരെ വധിച്ചു. 55 പേര്‍ക്ക് പരുക്കേറ്റു. ജെയ്ഷ മുഹമ്മദിന്‍റെ ശക്തികേന്ദ്രമായ ബഹവല്‍പുരിലും സൈന്യം ആക്രമണം നടത്തി. നാവികസേന ഉള്‍പ്പടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കുചേര്‍ന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നീതി നടപ്പാക്കപ്പെട്ടുവെന്നായിരുന്നു തിരിച്ചടിക്ക് പിന്നാലെ സൈന്യത്തിന്‍റെ മറുപടി.
ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണ്. മുസഫറബാദിലെ പാക് ഭീകരക്യാംപ് സൈന്യം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമ–കരസേന സംയുക്തമായാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എക്സില്‍ മുഖ്യമന്ത്രിമാരും മറ്റുകേന്ദ്രമന്ത്രിമാരും പങ്കുവച്ചു.