അബുദാബി: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ (ഇ311) സ്പീഡ് ട്രാക്കില്‍ വേഗക്കുറവിനുള്ള പിഴ ഒഴിവാക്കി അബുദാബി. ഇതുവരെ മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു ഏറ്റവും കുറഞ്ഞ വേഗപരിധി. ഇതില്‍ താഴെ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം വീതം പിഴയും ചുമത്തിയിരുന്നു. ഇനിമുതല്‍ വേഗത കുറഞ്ഞാല്‍ പിഴയീടാക്കില്ല.
ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ട്രക്കുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കാനുമാണ് വേഗപരിധി ഒഴിവാക്കിയത്. അടയാള ബോര്‍ഡുകളില്‍ നിന്നും ഇത് എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2023 ഏപ്രിലിലാണ് ഇ311 റോഡില്‍ മണിക്കൂറില്‍ 120 കിലോമീറ്ററെന്ന ഏറ്റവും കുറഞ്ഞ വേഗപരിധി ഏര്‍പ്പെടുത്തിയത്. സമഗ്രമായ ഗതാഗത പഠനത്തിന് ശേഷമാണ് രണ്ട് വര്‍ഷത്തിനിപ്പുറം വേഗപരിധി ഒഴിവാക്കിയത്.