Friday, May 16, 2025
HomeNewsവിവാദം പിടിച്ച് വിഡി സതീശന്റെ ഷൂ: മൂന്നു ലക്ഷം വിലയെന്ന് സിപിഎം സൈബർ പോരാളികൾ, 5000...

വിവാദം പിടിച്ച് വിഡി സതീശന്റെ ഷൂ: മൂന്നു ലക്ഷം വിലയെന്ന് സിപിഎം സൈബർ പോരാളികൾ, 5000 രൂപയ്ക്കു കൊടുത്താലും ലാഭം എന്ന് സതീശൻ

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഷൂ ആണ് ഏതാനും കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. സതീശൻ ധരിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഷൂ ആ​ണെന്ന് സിപിഎം സൈബര്‍ ​പോരാളികളാണ് ആദ്യം പ്രചാരിപ്പിച്ചത്. പിന്നീട് സംഘ്പരിവാറുകാരും അതേറ്റുപിടിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സതീശൻ ‘ക്ലൗഡ്ടില്‍റ്റി’ന്റെ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു പ്രചാരണം.‍ മൂന്നുലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങൾ ഇവർ പുറത്തുവിട്ടിരുന്നു. എന്നാൽ‌, പ്രചാരണം ശക്തമായതോടെ ഷൂസിന്റെ യഥാർത്ഥ വില പുറത്തുവന്നു. 9,529 രൂപയുടെ ‘ഓൺ റണ്ണിങ് ക്ലൗഡ്ടില്‍റ്റ് ബ്ലാക്ക് ഐവറി’ ഷൂസാണ് സതീശൻ ധരിച്ചത്. ‌

ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്ന് സതീശൻ പറയുകയും ചെയ്തു. ‘ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാം. എന്നാലും അത് എനിക്ക് ലാഭമാണ്’ -എന്നായിരുന്നു സതീശന്റെ പ്രതികരണം.

ഇതിനുപിന്നാലെ, മൂന്ന് ലക്ഷം തന്നാൽ ഒരു 30 പേർക്കെങ്കിലും ഈ ഷൂ ഞാൻ വാങ്ങിത്തരാമെന്ന ‘ഓഫറു’മായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തുവന്നു. എന്നാലും തനിക്കാണ് ലാഭം എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അതിന് ഹരികൃഷ്ണന്‍ എന്നൊരാള്‍ ‘ഇദ്ദേഹത്തിനല്ലേ ഷൂ നക്കണം നക്കണം എന്ന് പറഞ്ഞു നടന്നത്. രണ്ടെണ്ണം വാങ്ങി കൂട്ടത്തിൽ കരുതി നക്കുക’ എന്ന് കമന്‍റ് ഇട്ടു. ഇതിന് മറുപടിയുമായി ബൽറാം തന്നെ രംഗത്തുവന്നു. ‘ഷൂ എന്ന് കേൾക്കുമ്പോൾ സംഘിക്ക് നക്കൽ മാത്രമേ ഓർമ്മ വരുന്നുള്ളൂ എന്നത് എന്റെ തെറ്റല്ല’ എന്നായിരുന്നു ബൽറാമിന്‍റെ മറുപടി.

ഇതിന് 1200ലേറെ പേരാണ് ലൈക്ക് അടിച്ചത്. കൂടാതെ നിരവധി പേർ കമന്റുകളും രേഖപ്പെടുത്തി. ‘കിട്ടിയതും വാങ്ങി മണ്ണാറശാല ക്ഷേത്രത്തിൽ ഒരു വഴിപാട്‌ നടത്തു സംഘി ചേട്ടാ, ഇതിന്റെ കേട്‌ അങ്ങ്‌ മാറട്ടെ’ ‘പഴയതൊന്നും മറന്നിട്ടില്ല കൊച്ചു കള്ളൻ’, ‘ഇങ്ങനെ പറയിപ്പിക്കുന്നതിൽ വല്ലാത്ത ഹരം ആണല്ലേ?’, ‘ഷൂ നക്കിയത് നിന്റെ പൂർവികർ ആണ് ചാണകമേ’, ‘കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങാനാണ് വിധി, ഇന്നേക്ക് ഉള്ളത് കിട്ടിയില്ലേ സംഘി, ‘എങ്ങനെ ണ്ട് പ്പോ? നേരിട്ട് കൈപറ്റിയല്ലേ? സന്തോഷം ആയില്ലേ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments