കിയ മോട്ടോഴ്സിന്റെ ആന്ധ്രാപ്രദേശ് പ്ലാന്റിൽ നടന്ന വൻ മോഷണത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെനിന്ന് 900 കാർ എൻജിനുകൾ മോഷണംപോയി എന്നാണ് കണ്ടെത്തൽ. ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയയുടെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
പെനുകൊണ്ട സബ് ഡിവിഷൻ പോലീസിന്റെ കണക്കനുസരിച്ച്, 2020 മുതൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിയ കാറുകളുടെ 900ത്തിലധികം എഞ്ചിനുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.
2025 മാർച്ചിൽ കമ്പനി നടത്തിയ വർഷാവസാന ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന്, കിയ മോട്ടോഴ്‌സ് ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്‌ഗു ലീ മാർച്ച് 19-ന് പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പെനുകൊണ്ട സബ് ഡിവിഷണൽ പോലീസ് ഓഫീസർ വൈ വെങ്കടേശ്വർലു വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ 900 എൻജിനുകൾ മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിർമാണ പ്ലാന്റിലേക്കുള്ള കൊണ്ടുവരുന്നതിനിടെയും പ്ലാന്റിന്റെ പരിസരത്തുനിന്നുമാണ് എൻജിനുകൾ മോഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുനിന്നുള്ളവരല്ല, കമ്പനിക്ക് അകത്തുനിന്നുള്ളവരാണ് മോഷണത്തിന്റെ പിന്നിലെന്നാണ് നിഗമനമെന്ന് വെങ്കടേശ്വർലു പറഞ്ഞു. മാനേജ്മെന്റിന്റെ അറിവില്ലാതെ ഒരു ചെറിയ ഭാഗം പോലും പ്ലാന്റിന്റെ പരിസരം വിട്ടുപോകില്ല. കമ്പനിയുടെ മുൻ ജീവനക്കാരെയും നിലവിലുള്ള ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എൻജിനുകൾ ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായാണ് മോഷ്ടിച്ചത്. മുൻ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെട്ടിരിക്കാം. രേഖകൾ തിരുത്തി പ്ലാന്റിൽനിന്ന് എഞ്ചിനുകൾ മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിയ മോട്ടോഴ്‌സ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഉൽപ്പാദനത്തിൽ ഒരു തരത്തിലും മോഷണം തിരിച്ചടിയുണ്ടാക്കിയിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.