ബെംഗളൂരു: രാജ്യത്ത് വേനല്‍ക്കാലം അതികഠിനമാകുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായുള്ള 21 നഗരങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയത് 42 ഡിഗ്രി സെല്‍ഷ്യസും അതില്‍ കൂടുതലും താപനില.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
ഡല്‍ഹിക്ക് പുറമെ, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ നഗരങ്ങളെയും ഇത് ബാധിക്കും.ഏപ്രില്‍ ആദ്യ ആഴ്ചയിലെ താപനില വര്‍ദ്ധനവ് മൂന്ന് ഡിഗ്രിയില്‍ നിന്ന് 6.9 ഡിഗ്രി വരെയായി. ഇത് എല്ലാ നഗരങ്ങളിലും ചൂടില്‍ വലിയ വ്യതിയാനങ്ങള്‍ വരുത്തി.
രാജസ്ഥാനിലെ ബാര്‍മറില്‍ ചൂട് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ഞായറാഴ്ചത്തെ പരമാവധി താപനില 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏപ്രിലിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. സാധാരണയേക്കാള്‍ 6.8 ഡിഗ്രി കൂടുതലാണ് ഈ താപനില എന്നതും ശ്രദ്ധേയം.
ഏപ്രില്‍ 6 മുതല്‍ 10 വരെ ഗുജറാത്തില്‍ ചിലയിടങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ കാലയളവില്‍ രാജസ്ഥാനിലും ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ചണ്ഡീഗഡ്, പഞ്ചാബ്, മധ്യപ്രദേശ്, പശ്ചിമ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളും ഉഷ്ണതരംഗത്തിന് ഇരയാകും.