വാഷിംങ്ടൺ: യു.എസ് ഓഹരി വിപണിയിലെ തകർച്ച ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കെ നിക്ഷേപകർക്ക് ‘മുമ്പത്തേക്കാൾ സമ്പന്നരാകാൻ’ കഴിയുമെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വ്യാപകമായ താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തുന്നതിനാൽ അമേരിക്കയിലേക്ക് പണം ഒഴുക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് ട്രംപ് വെള്ളിയാഴ്ച നിക്ഷേപകരോട് ആഹ്വാനം ചെയ്തു.
കോവിഡ് മഹാമാരിക്കുശേഷം യു.എസ് ഓഹരി വിപണി ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞ ദിവസമായി വ്യാഴാഴ്ച. ശനിയാഴ്ച മുതൽ എല്ലാ രാജ്യങ്ങൾക്കും 10ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ ഉടനടി ഇടിവ് അനുഭവപ്പെട്ടു. ചില ഏഷ്യൻ രാജ്യങ്ങളിലും ബുധനാഴ്ച മുതൽ യൂറോപ്യൻ യൂനിയനിലും കൂടുതൽ കടുത്ത തീരുവകൾ ഏർപ്പെടുത്തി. ഏപ്രിൽ 10 മുതൽ എല്ലാ യു.എസ് ഉൽപന്നങ്ങൾക്കും 34 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിനെത്തുടർന്ന് വിപണിയിലെ ഇടിവ് കൂടുതൽ രൂക്ഷമായി.വാൾസ്ട്രീറ്റിലെ പരിഭ്രാന്തിക്കിടയിലും വെള്ളിയാഴ്ച രാവിലെ ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ ഒരു പോസിറ്റീവ് സന്ദേശം നൽകി.
‘അമേരിക്കയിലേക്ക് വരുന്നതും വൻതോതിൽ പണം നിക്ഷേപിക്കുന്നതുമായ നിരവധി നിക്ഷേപകർക്ക്, എന്റെ നയങ്ങൾ ഒരിക്കലും മാറില്ല. ഇത് മുമ്പത്തേക്കാൾ സമ്പന്നരാകാനുള്ള ഒരു മികച്ച സമയമാണ്!!!’ എന്നായിരുന്നു അത്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ചെയ്യേണ്ട ശരിയായ കാര്യമാണിതെന്ന് തോന്നുന്നുവെന്നും നിക്ഷേപകരോട് ട്രംപ് പറഞ്ഞു.