റിയാദ്: സൗദിയിൽ ബിസിനസ്, ടൂറിസ്റ്റ്, സന്ദർശന വിസയിലെത്തിയ എല്ലാവരും ഏപ്രിൽ 13ന് മുമ്പ് മടങ്ങണമെന്ന വാർത്ത ശരിയല്ലെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം. ഇന്ത്യയടക്കം 14 രാജ്യങ്ങളിൽ നിന്നെത്തിയ എല്ലാവരും മടങ്ങണമെന്ന തരത്തിൽ ട്രാവൽ കമ്പനികളുടെ സർക്കുലർ പ്രചരിച്ചിരുന്നു. ഇല്ലെങ്കിൽ അഞ്ചുവർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും സർക്കുലറിലുണ്ട്. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടി സൗദി വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ എക്‌സ്പ്ലാറ്റ്‌ഫോമിൽ വിദേശികളുടെ ചോദ്യത്തിനാണ് ജവാസാത്ത് അഥവാ പാസ്‌പോർട്ട് വിഭാഗത്തിന്റെ മറുപടി.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വിശ്വസിക്കരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുതിയ വല്ല നിർദേശങ്ങളുമുണ്ടാകുമ്പോൾ ജവാസാത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുംമെന്നും ജവാസാത്ത് ഓർമിപ്പിച്ചു. കഴിഞ്ഞ മാസം മുതൽ സൗദിയിലേക്ക് ഇന്ത്യക്കാർക്കുൾപ്പെടെ വിസ നിയന്ത്രണമുണ്ട്. ഹജ്ജിന് മുന്നോടിയായാണ് ഇതെന്ന് കരുതുന്നു. ഇതിൽ ഔദ്യോഗികമായ ഒരറിയിപ്പും ഇതുവരെയില്ല. നിലവിൽ അനുവദിക്കുന്ന ചില വിസകളിൽ ഏപ്രിൽ 13 ആണ് അവസാന തിയതിയായി കാണിച്ചിരിക്കുന്നത്. ഇങ്ങിനെ വിസ ലഭിച്ചവർ അവരെ കൊണ്ടുവന്നവരുടെ അബ്ഷിർ വഴി വിസയുടെ കാലാവധി ഏതു വരെ എന്ന് ഉറപ്പാക്കകയും ആ തിയതിക്കകം മടങ്ങുകയും വേണം. വിസ കാലാവധി കഴിയാനായവർക്ക് വിസ അബ്ഷിർ വഴി പുതുക്കാൻ കഴിയുമെങ്കിൽ സൗദിയിൽ തുടരാം. ബിസിനസ് വിസക്കാർക്കും ഇത് ബാധകമാണ്.
ഇതെല്ലാം നേരത്തെയുള്ള നിയമങ്ങളുമാണ്. മൾട്ടിപ്ൾ ടൂറിസ്റ്റ് വിസക്കാർക്ക് ഒരു വർഷത്തിൽ ആകെ 90 ദിവസം മാത്രമേ സൗദിയിൽ താമസിക്കാൻ അനുവാദമുള്ളൂ. ഇന്ത്യക്കാർക്കുൾപ്പെടെ നിലവിലുള്ള സന്ദർശന വിസ നിയന്ത്രണം ഹജ്ജിന് ശേഷം അവസാനിക്കുമെന്നാണ് പ്രതീക്ഷ. സമ്പൂർണമായ വിലക്കാണെങ്കിൽ സാധാരണ രീതിയനുസരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം എംബസികളേയും കോൺസുലേറ്റുകളേയും അക്കാര്യം അറിയിക്കാറുണ്ട്. അത്തരം അറിയിപ്പൊന്നും ഇതുവരെ ലഭിച്ചതായി എംബസിയോ കോൺസുലേറ്റോ അറിയിച്ചിട്ടില്ല. ഇതിനാൽ ഹജ്ജിന് ശേഷം വിസകൾ സാധാരണ പോലെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ