ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. കഴിഞ്ഞ ദിവസമാണ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകിയത്. വഖഫ് ബില്ലിനെതിരെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകുന്നത്.
നേരത്തെ സുപ്രീംകോടതിയിൽ ഹരജി നൽകുകയും ബില്ലിൽ ഒപ്പുവെക്കരുതെന്നഭ്യർഥിച്ച് മുസ്‌ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോർഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്
ലോക്‌സഭയില്‍ ആകെ 520 പേരാണ് വോട്ട് ചെയ്തത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ.കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ , കെ.രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് ബിൽ പാസാക്കിയത്