ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി തുടര്‍ച്ചയായി ഊര്‍ജം ഉത്പാദിപ്പിക്കുന്ന റിയാക്ടറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെങ്ങും. ദശകങ്ങളായി അതിനുള്ള പരിശ്രമങ്ങള്‍ക്കിടെ പുതിയ പല രീതികളും വികസിപ്പിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെയും വികസിപ്പിക്കപ്പെട്ടിട്ടില്ല. നിലവിലെ ആണവ റിയാക്ടറുകളെ അപേക്ഷിച്ച് ശുദ്ധമായ ഊര്‍ജ്ജ ഉത്പാദനം നടക്കുമെന്നതാണ് ഫ്യൂഷന്‍ റിയാക്ടറുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെ പ്രചോദനം. എങ്കിലും പൂര്‍ണമായ ഒരു ഫ്യൂഷന്‍ റിയാക്ടര്‍ വികസിപ്പിക്കാന്‍ ഒരുരാജ്യത്തിനുമായിട്ടില്ല.
അതേസമയം, ഭൂമിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്ക് ഇന്ധനമായും ഫ്യൂഷന്‍ ഉപയോഗിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. സങ്കീര്‍ണമായ സാങ്കേതിക വിദ്യയാണെങ്കിലും ഭൂമിയിലെ ആവശ്യങ്ങള്‍ക്കായി ഫ്യൂഷനെ ഉപയോഗപ്പെടുത്തുന്നതിന് മുമ്പ് ബഹിരാകാശ യാത്രയ്ക്ക് അത് പ്രാവര്‍ത്തികമായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ബഹിരാകാശത്ത് പേടകങ്ങള്‍ക്ക് മണിക്കൂറില്‍ എട്ടുലക്ഷത്തോളം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഫ്യൂഷന്‍ സാങ്കേതിക വിദ്യ സഹായകമായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ മനുഷ്യനിര്‍മിതമായ ഏറ്റവും വേഗമേറിയ ബഹിരാകാശ പേടകം നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബാണ്. ഇതിന് മണിക്കൂറില്‍ 692,000 കിലോമീറ്ററാണ് വേഗം. ഇതുവെച്ച് നോക്കുമ്പോള്‍ ഭാവി ബഹിരാകാശ യാത്രകള്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഏറെ പ്രയോജനകരമായി മാറും.
ഈ രീതിയില്‍ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ബ്രിട്ടീഷ് സ്‌പേസ് സ്റ്റാര്‍ട്ടപ്പായ പള്‍സര്‍ ഫ്യൂഷന്‍. യു.കെ സ്‌പേസ് ഏജന്‍സിയുടെ ധനസഹായത്തോടെ പള്‍സര്‍ ഫ്യൂഷന്‍ പുതിയ റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഒരു റോക്കറ്റ് കണ്‍സെപ്റ്റ് മോഡല്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ‘സണ്‍ബേര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ റോക്കറ്റിനെ ചലിപ്പിക്കുക ന്യൂക്ലിയര്‍ ഫ്യൂഷന്‍ ആയിരിക്കും. നിലവില്‍ വികസന ഘട്ടത്തിലാണ് ‘സണ്‍ബേര്‍ഡ്’ എന്ന റോക്കറ്റ്. പ്രാവര്‍ത്തികമായാല്‍ ലോകത്തെ മറ്റ് ബഹിരാകാശ ഏജന്‍സികളെയും സ്വകാര്യ കമ്പനികളെയും കവച്ചുവെയ്ക്കുന്ന സാങ്കേതിക കുതിച്ചുചാട്ടമാകും നടക്കുക. 2027 ഓടുകൂടി ന്യൂക്ലിയര്‍ ഫ്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് വിജയകരമായാല്‍ ചൊവ്വായാത്രകള്‍ക്കുള്ള സമയം പകുതിയായി കുറയ്ക്കാനാകും.
സണ്‍ബേര്‍ഡ് റോക്കറ്റില്‍ ഫ്യൂഷന്‍ പ്രവര്‍ത്തനത്തിന് ഹീലിയം-3 എന്ന മൂലകമാണ് ഇന്ധനമായി ഉപയോഗിക്കുക. ഇതിലൂടെ ആവശ്യമായ ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനും അതിലൂടെ റോക്കറ്റിന്റെയും ബഹിരാകാശ പേടകങ്ങളുടെയും ഭാരം കുറയ്ക്കാനും സാധിക്കുമെന്നാണ് പള്‍സര്‍ ഫ്യൂഷന്‍ കമ്പനി വിശദീകരിക്കുന്നത്. ഭൂമിയില്‍ വളരെ ദുര്‍ലഭമായി കാണപ്പെടുന്ന മൂലകമാണ് ഹീലിയം-3. അതിനാല്‍ ഇവയെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ ചെലവേറെയാണ്. ചന്ദ്രനില്‍ ഹീലിയം-3ന്റെ വലിയ നിക്ഷേപമുണ്ട്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കുന്ന കാലത്ത് സണ്‍ബേര്‍ഡിന്റെ സാങ്കേതിക വിദ്യ വളരെ ചെലവ് കുറഞ്ഞതായി മാറും.
2027ല്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണമാണ് പള്‍സര്‍ ഫ്യൂഷന്‍ ഉദ്ദേശിക്കുന്നത്. ഇതുവരെ മനുഷ്യന് ബഹിരാകാശത്ത് വെച്ച് ഫ്യൂഷന്‍ സാധ്യമാക്കിയിട്ടില്ല. സണ്‍ബേര്‍ഡിന്റെ പ്രവര്‍ത്തനം തൃപ്തികരമായാല്‍ അത് മറ്റൊരു ചരിത്രംകൂടിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. വിജയിച്ചാല്‍ പൂര്‍ണതോതിലുള്ള സണ്‍ബേര്‍ഡ് റോക്കറ്റ് നാല് വര്‍ഷത്തിനുള്ളില്‍ സജ്ജമാകും. പ്രോട്ടോടൈപ്പ് വികസനത്തിന് തന്നെ ഏഴ് കോടി ഡോളര്‍ (ഏകദേശം 597 കോടി രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്.