ജെറുസലേം: മാര്‍ച്ച് 23 ന് തെക്കന്‍ ഗാസയില്‍ 15 പലസ്തീന്‍ അടിയന്തര സേവന ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റുകള്‍ സംഭവിച്ചതായി സമ്മതിച്ച് ഇസ്രായേല്‍ സൈന്യം. ഗാസയിലെ റഫായിലുള്ള ടെല്‍ അല്‍ സുല്‍ത്താനില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 15 പേരെയാണ് ഇസ്രയേല്‍ സൈന്യം കൊന്ന് കുഴിച്ചുമൂടിയത്.
സംശയാസ്പദമായി മുന്നേറിയ വാഹനങ്ങള്‍ക്ക് നേരെ സൈനികര്‍ വെടിയുതിര്‍ത്തുവെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്. 15 അടിയന്തര സേവന ജീവനക്കാരെ വെടിവച്ചുകൊല്ലുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ സേനയുടെ കുറ്റസമ്മതം.
പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുമാണ് ആക്രമിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ കാറും ഒരു ഫയര്‍ ട്രക്കും ആക്രമിക്കപ്പെട്ട വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നു. ഹെഡ്ലൈറ്റുകളില്ലാതെ ഇരുട്ടില്‍ വാഹനവ്യൂഹം ‘സംശയാസ്പദമായി’ നീങ്ങിയപ്പോള്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.