ബാങ്കോക്ക്: കഴിഞ്ഞയാഴ്ച ഉണ്ടായ യാഗി ചുഴലിക്കാറ്റും മണ്‍സൂണ്‍ മഴയും മൂലം മ്യാന്‍മറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 226 പേര്‍ കൊല്ലപ്പെട്ടു. 77 പേരെ കാണാതായതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണക്കുകള്‍ പറയുന്നത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു.
ദുരന്തബാധിത പ്രദേശങ്ങളുമായുള്ള ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം അപകടങ്ങളുടെ കണക്കെടുപ്പ് മന്ദഗതിയിലാണ്. 2021-ല്‍ ഓങ് സാന്‍ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം ആരംഭിച്ച ആഭ്യന്തരയുദ്ധമാണ് മ്യാന്‍മറിനെ തകര്‍ത്തത്.
യാഗി ചുഴലിക്കാറ്റ് നേരത്തെ വിയറ്റ്‌നാം, വടക്കന്‍ തായ്ലന്‍ഡ്, ലാവോസ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുകയും വിയറ്റ്‌നാമില്‍ 300 ഓളം പേരും തായ്ലന്‍ഡില്‍ 42 പേരും ലാവോസില്‍ നാല് പേരും മരിച്ചതായി ആസിയാന്‍ കോര്‍ഡിനേറ്റിംഗ് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് അറിയിച്ചു. ഫിലിപ്പീന്‍സില്‍ 21 പേര്‍ മരിച്ചതായും 26 പേരെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലുടനീളമുള്ള വെള്ളപ്പൊക്കത്തില്‍ 631,000 ആളുകളെ ബാധിച്ചിരിക്കാമെന്ന് യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് തിങ്കളാഴ്ച അറിയിച്ചു. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച് മ്യാന്‍മറില്‍ സെപ്തംബര്‍ ആദ്യം തന്നെ 3.4 ദശലക്ഷം ആളുകള്‍ പലായനം ചെയ്യപ്പെട്ടിരുന്നു, കൂടുതലും സമീപ വര്‍ഷങ്ങളിലെ യുദ്ധവും അശാന്തിയും കാരണമാണ്.