ചെന്നൈ: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വഖഫ് ബില്ലിൽ പ്രതിഷേധിച്ചാണ് സ്റ്റാലിൻ ഉൾപ്പടെയുള്ള ഡി.എം.കെ എം.എൽ.എമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. വലിയ എതിർപ്പുകൾ ഉള്ളപ്പോഴും പുലർച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബിൽ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണ്. നിരവധി രാഷ്ട്രീയപാർട്ടികളാണ് വഖഫ് ബില്ലിനെ എതിർത്തത്. 232 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 288 പേർ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. ബില്ലിനെ എതിർക്കുന്ന അംഗങ്ങളുടെ എണ്ണം ഉയർന്നിട്ടും ഭേദഗതികളില്ലാതെയാണ് ബിൽ പാസാക്കിയത്. ഇതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. പ്രതിപക്ഷം വലിയ എതിർപ്പ് ഉയർത്തിയെങ്കിലും അതൊന്നും പരിഗണിക്കാതെയായിരുന്നു ബിൽ പാസാക്കിയത്.ബില്ലിൽ പ്രതിപക്ഷം ഭേദഗതികൾ നിർദേശിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.
ബില്ലിന്റെ ചർച്ചക്കിടെ മുനമ്പം ഭൂമി പ്രശ്നം, സ്ത്രീ പ്രാതിനിധ്യം, ക്ഷേത്രഭൂമികളുടെ കൈയേറ്റം, സർക്കാറിന്റെ വഖഫ് കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലെല്ലാം വഖഫിനെയും വഖഫ് ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താൻ അമിത് ഷായുടെയും റിജിജുവിന്റെയും നേതൃത്വത്തിൽ ഭരണപക്ഷം നടത്തിയ ആരോപണങ്ങളും അവകാശവാദങ്ങളും ഗൗരവ് ഗോഗോയ്, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, കല്യാൺ ബാനർജി, എ. രാജ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം തുറന്നുകാട്ടിയതോടെ പല പ്രസ്താവനകളും പിൻവലിക്കുന്നതിനും സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുന്നതിനും ലോക്സഭ സാക്ഷ്യം വഹിച്ചു.