വാഷിങ്ടൺ: യു.എസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണമൊഴുക്കിയ റെക്കോഡ് സ്വന്തമാക്കിയ വിസ്കോൺസൻ സ്റ്റേറ്റ് സുപ്രീംകോടതി ജഡ്ജി തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനും തിരിച്ചടി. ഇരുവരും പിന്തുണക്കുകയും മസ്ക് വൻതുക ചെലവിടുകയും ചെയ്ത സ്ഥാനാർഥിയെ തോൽപിച്ച് ലിബറൽ സ്ഥാനാർഥി സൂസൻ ക്രോഫോഡ് വിസ്കോൺസൻ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു.
ബ്രാഡ് ഷിമെല്ലിനെയാണ് ക്രോഫോഡ് പരാജയപ്പെടുത്തിയത്.ഡാനെയിൽനിന്നുള്ള ലിബറൽ ജഡ്ജിയായ ക്രോഫോഡ് ഗർഭച്ഛിദ്രം, മനുഷ്യാവകാശങ്ങൾ, വോട്ടർ ഐ.ഡി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.ആക്ടിവിസ്റ്റ് ജഡ്ജിയെ തോൽപിക്കാൻ കൂടെ നിൽക്കുന്നവർക്ക് മസ്ക് 100 ഡോളർ വാഗ്ദാനം ചെയ്തിരുന്നു. ഇതുൾപ്പെടെ വൻ തുകയാണ് ഷിമെല്ലിന്റെ വിജയത്തിനായി മസ്ക് മുടക്കിയത്.
വിജയത്തോടെ ലിബറുകൾക്ക് സ്റ്റേറ്റ് സുപ്രീംകോടതിയിൽ 4-3ന്റെ ഭൂരിപക്ഷമായി. അതിനിടെ, യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഫ്ലോറിഡയിലെ രണ്ടു സീറ്റും റിപ്പബ്ലിക്കന്മാർ വിജയിച്ചു.