വാഷിങ്ടൺ: യു.എസ് സർക്കാറുമായി ബന്ധപ്പെട്ട ഔദ്യോഗിക പദവികളിൽ നിന്നും വ്യവസായി ഇലോൺ മസ്ക് പടിയിറങ്ങുന്നു. ഡോജിലെ പദവി മസ്ക് ഒഴിയുമെന്ന് ട്രംപ് കാബിനറ്റ് അംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെയാണ് മസ്കിന്റെ നേതൃത്വത്തിൽ ഡോജ് പിരിച്ചുവിട്ടത്.സർക്കാറിന്റെ ചിലവുകൾ ചുരുക്കുകയെന്ന ദൗത്യമാണ് മസ്കിനും ഡോജിനും നൽകിയിരുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെ ഡോജ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
ട്രംപുമായുള്ള ചർച്ചകളിൽ ബിസിനസിലേക്ക് മടങ്ങാൻ മസ്ക് താൽപര്യമറിയിച്ചുവെന്നും ഇതിന് യു.എസ് പ്രസിഡന്റ് അനുമതി നൽകിയെന്നുമാണ് റിപ്പോർട്ട്. മെയിലോ ജൂണിലോ മസ്ക് സ്ഥാനമൊഴിയുമെന്നാണ് സൂചന.
നേരത്തെ ഡോജിലെ പ്രവർത്തനങ്ങളുടെ പേരിൽ മസ്ക് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെസ്‍ലക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ടെസ്‍ല ഷോറുമുകൾ ആക്രമിക്കപ്പെടുകയും കാറുകൾ കത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം, അനൗദ്യോഗികമായി യു.എസ് സർക്കാറുമായി ബന്ധപ്പെട്ട് മസ്ക് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. ഉപദേശകനായിട്ടായിരിക്കും മസ്കിന്റെ സർക്കാറിലെ റോൾ. മസ്കിന്റെ സർക്കാറിലെ പദവി ഒഴിയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് യു.എസ് കാബിനറ്റിൽ ചർച്ചയുണ്ടായെന്നാണ് വിവരം.