ദോഹ: ഷെങ്കന്‍ മാതൃകയില്‍ ജിസിസിയിലെ ആറ് രാജ്യങ്ങളിലേക്കുമുള്ള സന്ദര്‍ശനത്തിന് ഏകീകൃത ടൂറിസം വിസ എന്ന പദ്ധതിക്ക് അംഗീകാരം. കഴിഞ്ഞദിവസമാണ് ഗള്‍ഫ് ആഭ്യന്തര മന്ത്രിമാര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഒമാനില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച് അംഗീകാരം നല്‍കിയത്. തീരുമാനത്തെ സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും മുതല്‍ ടൂറിസം വിദഗ്ധര്‍ വരെ രംഗത്തെത്തി.
2024-25 സീസണോടെ പുതിയ വിസ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ഒരു വിസയില്‍ തന്നെ ഖത്തര്‍, ഒമാന്‍, യു.എ.ഇ, സൗദി, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ സഞ്ചരിക്കാമെന്നതാണ് ഏകീകൃത ജിസിസി വിസയുടെ സൗകര്യം. ഖത്തറിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു വിസയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ കാണാന്‍ കഴിയുന്നതുപോലെ, വിദേശരാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഒരു വിസയില്‍ തന്നെ ആറ് രാജ്യങ്ങളിലേക്കും സന്ദര്‍ശനത്തിന് വഴിയൊരുങ്ങും.മേഖലയുടെ ടൂറിസത്തിന് റോക്കറ്റ് വേഗത്തില്‍ കുതിപ്പു നല്‍കുന്നതായിരിക്കും അടുത്ത വര്‍ഷം പ്രാവര്‍ത്തികമാകുന്ന വിസയെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളിലും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. നിലവില്‍ ഓരോ രാജ്യത്തേക്കും വ്യത്യസ്ത വിസകളെടുത്ത് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പ്രവാസികള്‍ക്കിടയിലെ സഞ്ചാര പ്രിയരുടെ യാത്രകള്‍ നടക്കുന്നത്
ഒറ്റ വിസയില്‍ ആളുകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനത്തിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. നിലവില്‍, ജിസിസിയിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ തന്നെ ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും.
അതേസമയം, ജോലി തേടിയെത്തിയ പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യം കടന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലെത്താന്‍ വിസ ആവശ്യമാണ്. അടുത്ത വര്‍ഷം മധ്യത്തോടെ ഏകീകൃത ടൂറിസം വിസ പ്രാബല്യത്തില്‍ വരുന്നതോടെ തടസ്സങ്ങളേതുമില്ലാതെ ഏത് രാജ്യത്തേക്കും സൗകര്യപ്പെടുന്ന സമയങ്ങളില്‍ യാത്രക്കുള്ള വഴികളാണ് തുറക്കുന്നത്.പ്രധാനമായും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിന് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ അന്താരാഷ്ട്ര പരിപാടികളും മേളകളുമായി ഉണര്‍ന്നുവരുന്ന ടൂറിസം സെക്ടര്‍ ഏകീകൃത വിസ പദ്ധതിയിലൂടെ കൂടുതല്‍ സജീവമാകും. യൂറോപ്പിലെ 27 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ഷെങ്കന്‍ വിസ മേഖലയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ചതിന്റെ മാതൃകയിലായിരിക്കും ജി.സി.സി ഏകീകൃത വിസയും രംഗത്തെത്തുന്നത്. എന്ന് പ്രാബല്യത്തില്‍ വരും, എത്ര മാസമായിരിക്കും കാലാവധി, ആര്‍ക്കെല്ലാം ലഭ്യമാക്കും തുടങ്ങിയ വിശദാംശങ്ങള്‍ വരുംനാളുകളില്‍ പുറത്തുവരും.