വാഷിംഗ്ടണ്‍ : ക്യാമ്പസുകളിലെ വിവിധ പ്രതിഷേധവും പലസ്തീന്‍ അനുകൂല നിലപാടുമടക്കം യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുകയാണ്. ഹമാസ് അനുകൂലികളെന്ന് മുദ്രകുത്തി ഇന്ത്യയില്‍ നിന്നുള്ളവരടക്കം നിരവധി വിദ്യാര്‍ത്ഥികളാണ് യുഎസിന്റെ വിസ റദ്ദാക്കല്‍, നാടുകടത്തല്‍ നടപടിക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കലിനിടയില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അവരുടെ വിസയുടെ നിബന്ധനകള്‍ പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച എടുത്തുപറഞ്ഞു, ”ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു വിസ നല്‍കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ അത് നന്നായി ഉപയോഗിച്ചില്ലെങ്കില്‍, ഞങ്ങള്‍ അത് പിന്‍വലിക്കാന്‍ പോകുകയാണ്.” വിദ്യാര്‍ത്ഥി വിസയുടെ പരിധിക്കപ്പുറമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഓസ്ടര്‍ക്കിന്റെ വിസ യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഈ പ്രസ്താവന.
ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ”ഞങ്ങള്‍ അവരുടെ വിസ റദ്ദാക്കി… ഞങ്ങളുടെ സര്‍വകലാശാലാ കാമ്പസുകളെ തകര്‍ക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയാകനല്ല, പഠിക്കാനും ബിരുദം നേടാനുമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് വിസ നല്‍കിയത്.” എന്ന് റൂബിയോ വ്യക്തമാക്കി.