കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എ.ഡി.എമ്മിനെ മരണത്തിലേക്ക് നയിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ പരാമർശങ്ങളാണെന്നും നവീൻ ബാബുവിനെ അപമാനിക്കാൻ ആസുത്രണം നടത്തിയെന്നും കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ടൗൺ സി.ഐ ശ്രീജിത് കോടേരി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. 97 സാക്ഷികളുള്ള കേസിൽ 400 പേജിലേറെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി.
എ.ഡി.എം മരിക്കുന്നതിന്‍റെ തലേദിവസം കലക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ പി.പി. ദിവ്യ, എ.ഡി.എമ്മിനു നേരെ അഴിമതിയാരോപണമുന്നയിക്കുകയും ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തുകയും ചെയ്തു. ഇതിനേത്തുടർന്ന് മനോവിഷമമുണ്ടായ എ.ഡി.എം ആത്മഹത്യ ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റമാണ് പി.പി. ദിവ്യക്കെതിരെ ചുമത്തിയത്. അത് സാധൂകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പരാമർശിക്കുന്നത്.
ജില്ലാ കലക്ടറിൽനിന്ന് യാത്രയയപ്പിന്‍റെ വിവരങ്ങൾ ശേഖരിച്ച പി.പി. ദിവ്യ ആസൂത്രിതമായി യോഗത്തിനെത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കി. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് അനുമതി നൽകാൻ എ.ഡി.എം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്ന ആരോപണം കലക്ടറുടെയും സഹപ്രവർത്തകരുടെയും മുന്നിൽ വച്ചാണ് പി.പി. ദിവ്യ ഉന്നയിച്ചത്. വിഡിയോ പ്രാദേശിക ചാനലിൽനിന്ന് ശേഖരിച്ച ദിവ്യ, ഇത് തന്‍റെ ഫോണിലൂടെ പലർക്കും അയച്ചുനൽകി. ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രധാന തെളിവായി അന്വേഷണ സംഘം സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എ.ഡി.എമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല. ആത്മഹത്യ കുറിപ്പും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പി.പി. ദിവ്യയെ മാത്രം പ്രതിചേർത്തത്. അതേസമയം, കുറ്റപത്രത്തിൽ തൃപ്തരല്ലെന്നും മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും നവീൻ ബാബുവിന്‍റെ കുടുംബം പ്രതികരിച്ചു