ഷെയ്ൻ വോണിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക്. ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ തായ്‌ലൻഡിലെ വില്ലയിൽ നിന്ന് സംശയാസ്പദമായി ഒരു വസ്തു കണ്ടുകിട്ടിയിരുന്നുവെന്നും എന്നാൽ മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് തന്നോട് ഉടൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ സംഭവ സ്ഥലത്ത് നിന്ന് കണ്ടുകിട്ടിയത് ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്ന ‘കാമാഗ്ര’ എന്ന മരുന്നായിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ നീക്കത്തിൽ പങ്കുണ്ടാകാമെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലഹരിയും പാര്‍ട്ടിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വോണിന്റെ മരണം അന്നും ഇന്നും ദുരൂഹമാണ്. ഇതിനിടെയാണ് ഉത്തേജക മരുന്നിന്റേയും സെക്‌സിന്റേയും വാര്‍ത്തകള്‍ പുറത്തു വരുന്നത്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക ഹൃദയാഘാതമായിരുന്നു മരണം കാരണം എന്നായിരുന്നു നിരീക്ഷണം.
അന്ന് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു എന്ന തരത്തിൽ ഔദ്യോഗിക റിപ്പോർട്ട് ആണ് പുറത്തുവന്നിരുന്നത്, അതിന് കാരണമായേക്കാവുന്ന മറ്റ് വിശദാംശങ്ങളൊന്നുമിലായിരുന്നു. ‘കാമാഗ്ര’ ഒരു സെൻസിറ്റീവ് വിഷയമായതിനാൽ ആരും അത് സ്ഥിരീകരിക്കാൻ മുന്നോട്ടുവന്നില്ല. പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതൊരു കുപ്പിയായിരുന്നു, പക്ഷേ അദ്ദേഹം എത്ര കഴിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവസ്ഥലത്ത് ഛർദ്ദിയും രക്തവും നിറഞ്ഞിരുന്നു, പക്ഷേ ഞങ്ങളോട് പറഞ്ഞതുപോലെ ഞങ്ങൾ ‘കാമാഗ്ര’ വൃത്തിയാക്കി.
സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ തായ്‌ലൻഡിൽ 52-ാം വയസ്സിലാണ് ഷെയ്ൻ വോൺ അന്തരിക്കുന്നത്. ആദ്യം ചില അസ്വാഭാവികതകൾ അന്തരീക്ഷത്തിൽ ഉയർന്നെങ്കിലും പിന്നീട് സ്വാഭാവിക ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഓസീസിന്റെ ഇതിഹാസ ക്രിക്കറ്ററായ ഷെയ്ൻ വോൺ മൂന്ന് ഫോർമാറ്റിൽ കൂടി 1000 വിക്കറ്റ് നേടിയ താരം കൂടിയാണ്.